കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ തടയാന്‍ സുപ്രീംകോടതി സര്‍ക്കാര്‍നിര്‍ദേശം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: കുട്ടികളെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിക്കുന്നത് തടയാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം പരീക്ഷണങ്ങള്‍ രാജ്യത്ത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള അശ്ലീലങ്ങള്‍ തടയുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇത്തരം അശ്ലീല ചിത്രങ്ങളിലൂടെ നിഷ്‌കളങ്കരായ കുട്ടികളെ ഇരകളാക്കാന്‍ അനുവദിച്ചുകൂടെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കലയും അശ്ലീലവും വേര്‍തിരിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുന്നത് നീതീകരിക്കാനാവില്ല. പ്രായപൂര്‍ത്തിയായവരുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളടങ്ങിയ വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷനില്‍നിന്നും മറ്റു വിദഗ്ധരില്‍നിന്നും അഭിപ്രായം ആരായണമെന്നും കോടതി നിര്‍ദേശിച്ചു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പുറത്തുവിടുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്റര്‍പോളും സിബിഐയും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് അറിയിച്ചു.
Next Story

RELATED STORIES

Share it