Pathanamthitta local

കുട്ടികളില്‍ പോഷകാഹാര കുറവും അനുബന്ധ പ്രശ്‌നങ്ങളും

പത്തനംതിട്ട: ജില്ലയിലെ ആദിവാസി മേഖലയിലെ കുട്ടികളില്‍ വ്യാപകമായ രീതിയില്‍ പോഷകാഹാര കുറവും അനുബന്ധ പ്രശ്‌നങ്ങളുമുള്ളതായി പഠന റിപോര്‍ട്ടുകള്‍. ഗുരുതരമായ പോഷകാഹാര പ്രശ്‌നങ്ങളുള്ള കുട്ടികളുടെ എണ്ണം അഞ്ച് വര്‍ഷത്തിനിടെ എട്ടിരട്ടി വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 70 ശതമാനം കുട്ടികള്‍ക്കും പോഷകാഹാര വിതരണസംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നും സന്നദ്ധ സംഘടനകളും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ പഠന റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തിലും കഴിഞ്ഞ ഡിസംബറില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നടത്തിയ സിറ്റിങിലും ആദിവാസി മേഖലകളിലെ കുട്ടികളില്‍ വ്യാപകമായ രീതിയില്‍ പോഷകാഹാരക്കുറവും അനുബന്ധ പ്രശ്‌നങ്ങളുമുള്ളതായും കണ്ടെത്തിയിരുന്നു.
ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ 2015ല്‍ നടത്തിയ ഊരില്‍ ഒരു ദിവസം പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളിലും ആദിവാസി മേഖലയിലെ കുട്ടികളിലെ പോഷഹാരാക കുറവ് സ്ഥീരീകരിച്ചിരുന്നു. മദര്‍ ചൈല്‍ഡ് ട്രക്കിങ് സിസ്റ്റത്തിലൂടെ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ നടത്തിയ വിവര ശേഖരണത്തിലും ജില്ലയിലെ വിവിധ ആദിവാസി ഊരുകളില്‍ 230ല്‍ അധികം കുട്ടികള്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതായി കണ്ടെത്തിയിരുന്നു. അനീമിയ ബാധിച്ച 56 ഗര്‍ഭിണികളുള്ളാതായും അധികൃതര്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
അമ്മമാരുടെയും, ഗര്‍ഭിണികളായ സ്ത്രീകളുടെയും, അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഊരുകളില്‍നിന്നും ശേഖരിച്ച് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ നടപ്പിലാക്കുന്ന മദര്‍ചൈല്‍ഡ് ട്രാക്കിങ് സിസ്റ്റമായ ജനനി, ജാതക് വെബ്‌സൈറ്റുകളില്‍ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിലാണ് ഇത് സംബന്ധിച്ച വിവരശേഖരണം നടത്തുന്നത്. ഇതില്‍ 16 പേര്‍ അടിയന്തിര ചികില്‍സ അര്‍ഹിക്കുന്നവരാണ്.
ഗര്‍ഭിണികള്‍ക്ക് അനീമയമൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍പ്രസവം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് റിപോര്‍ട്ടുകള്‍ നല്‍കിയിട്ടും ഇപ്പോഴും വീടുകളിലെ പ്രസവവും മറ്റും തുടരുന്നത് പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും വീഴ്ചയാണെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
രോഗികളായവരെ കൃത്യസമയി ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതും ആദിവാസി സ്ത്രീകള്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുന്നതിന് കാരണമാവുന്നുണ്ട്. ഊരുകളിലെ അമ്മമാരെയും കുട്ടികളെയും നിരന്തരം നിരീക്ഷിയ്ക്കാന്‍ സംവിധാനമുണ്ടായിട്ടും കുറ്റം പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ആരോഗ്യവകുപ്പും പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പും ശ്രമിക്കുന്നത്.
Next Story

RELATED STORIES

Share it