Alappuzha local

കുട്ടനാട് മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നാളെ; വോട്ടിങ് യന്ത്രങ്ങള്‍ കൈമാറി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വരണാധികാരികള്‍ക്ക് കൈമാറി.
കലക്‌ട്രേറ്റില്‍ നടന്ന വിതരണം പൊതുനിരീക്ഷകരായ എല്‍ നിര്‍മല്‍രാജ്, എസ് എ രാമന്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. 1758 വോട്ടിങ് യന്ത്രങ്ങളാണ് വിതരണം ചെയ്തത്. ഇവ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. രാവിലെ ഏഴര മുതലായിരുന്നു വിതരണം. വിതരണം അനായാസമാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ പോളിങിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നാളെ രാവിലെ എട്ടിന് ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസില്‍ നടക്കും. സ്ഥാനാര്‍ഥികളോ ചീഫ് ഇലക്ഷന്‍ ഏജന്റുമാരോ പ്രതിനിധികളോ രാവിലെ ഏഴിന് സ്‌കൂളില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന പരിപാടി ഒമ്പതു മുതല്‍ 11 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയും രണ്ടു ബാച്ചുകളായാണ് പരിശീലനം. ആലപ്പുഴയിലേത് ആലപ്പുഴ എസ്ഡിവി ഗേള്‍സ് സെന്റിനറി ഹാള്‍, ബസന്റ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
സ്ഥാനാര്‍ഥികളുടെ ചെലവ്
പരിശോധന ഇന്നു തുടങ്ങും
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മല്‍സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകളുടെ ആദ്യഘട്ട പരിശോധന ഇന്ന് നടക്കും. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന നടക്കുകയെന്ന് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിരീക്ഷകര്‍ പറഞ്ഞു.
10, 14 തിയ്യതികളിലാണ് തുടര്‍ പരിശോധന. വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫിസുകളിലായിരിക്കും പരിശോധന. ആദ്യ പരിശോധനയില്‍ സ്ഥാനാര്‍ഥികള്‍ സൂക്ഷിക്കുന്ന ജനറല്‍ രജിസ്റ്റര്‍, കാഷ് രജിസ്റ്റര്‍, ബാങ്ക് രജിസ്റ്റര്‍, വൗച്ചര്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവപരിശോധിക്കും. സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ചെലവും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി. അനുമതിയില്ലാത്ത വാഹനങ്ങളില്‍ പ്രചാരണം നടത്തരുത്. വൗച്ചറുകളില്‍ സ്ഥാനാര്‍ഥികള്‍ ഒപ്പ് രേഖപ്പെടുത്തണമെന്നും നിരീക്ഷകര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it