Alappuzha local

കുട്ടനാട് പാക്കേജ്; ഇറിഗേഷന്‍ വകുപ്പ് പ്രതിക്കൂട്ടില്‍

രാമങ്കരി: കുട്ടനാട് പാക്കേജിന്റെ പേരില്‍ സര്‍വത്ര അഴിമതി കാട്ടിയതായും കോടികള്‍ പാഴാക്കിയതായും ആക്ഷേപങ്ങള്‍ ശക്തിപ്പെട്ടതോടെ ഇറിഗേഷന്‍ വകുപ്പ് പ്രതിക്കൂട്ടിലേക്ക്.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണവും കാര്‍ഷിക പുരോഗതിയും ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച പ്രധാന രണ്ട് പദ്ധതികളായ എ സി കനാല്‍ നവീകരണവും കൊച്ചാര്‍ ബണ്ടിന്റെ നിര്‍മാണവും കുട്ടനാടന്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ വെല്ലുവിളിയായ് മാറിയതോടെയാണ് ഇറിഗേഷ ന്‍ വകുപ്പ് കോടികള്‍ പാഴാക്കിയെന്ന ആക്ഷേപം ശക്തിപ്പെട്ടതും വകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുകയും ചെയ്തിരിക്കുന്നത്. മൂന്ന് ഘട്ടമായിട്ട് എസി കനാല്‍ നവീകരിക്കാനായിരുന്നു പദ്ധതി. കനാലിന്റെ ആഴം കൂട്ടുക എന്ന ഒന്നാംഘട്ട ജോലി പോലും വന്‍തോതിലുള്ള ആക്ഷേപത്തിന് വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഏറെക്കുറെ ഉപേക്ഷിക്കുകയായിരുന്നു.
ഒന്നാംഘട്ട നവികരണ ജോലികള്‍ക്ക് തുടക്കം കുറിച്ച പെരുന്ന മുതല്‍ കിടങ്ങറ വരെ വരുന്ന കനാല്‍ ഭാഗം ഇപ്പോള്‍ വന്‍തോതില്‍ പോള തിങ്ങി നിറഞ്ഞതിന് പുറമെ വെള്ളം കൂടുതല്‍ മലിനപ്പെട്ട നിലയിലുമായി മാറിക്കഴിഞ്ഞു. ഇതോടെ പദ്ധതി സമ്പൂര്‍ണ പരാജയവും മുടക്കിയ കോടികള്‍ പാഴാകുകയും ചെയ്തു. കൊച്ചാര്‍ ബണ്ട് ഏത് നിമിഷവും തകരാമെന്ന സ്ഥിതിയിലായതോടെ പതിനായിരക്കണക്കിന് രൂപ മുടക്കി പുഞ്ച കൃഷി ഇറക്കിയിരിക്കുന്ന സി ബ്ലോക്ക്, വടക്കേ ആറായിരം കായലുകളിലെ നൂറ് കണക്കിന് കര്‍ഷകര്‍ക്കാണ് ഉറക്കം നഷ്ടമായിരിക്കുന്നത്.
ഇറിഗേഷന്‍ വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ നടന്ന ഈ രണ്ട് പദ്ധതിയിലും കൂടി കോടികള്‍ പാഴായി എന്നു മാത്രമല്ല സര്‍വത്ര അഴിമതി നടന്നതായും നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it