kozhikode local

കുടുംബശ്രീ പ്രവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്ന് ആക്ഷേപം

കോഴിക്കോട്: കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സമയബന്ധിതമായി ലഭ്യമാക്കാത്തതിനാല്‍ പഞ്ചായത്ത്-നഗരസഭകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി ആക്ഷേപം ഉയരുന്നു. 2015-16 വര്‍ഷത്തേക്ക് 120 കോടി രൂപ മാറ്റിവച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് ജില്ലാ മിഷന് ഫെബ്രുവരി വരെ ലഭിച്ചത് 50ലക്ഷം രൂപയാണ്. ഏഴുകോടി രൂപ ലഭിക്കേണ്ട സ്ഥാനത്താണ് ഈ നാമമാത്രമായ തുക അനുവദിച്ചിരിക്കുന്നത്. അക്കൗണ്ടന്റ്മാരുടെ ഒരുവര്‍ഷത്തെ ശമ്പളവും നല്‍കിയിട്ടില്ല. ബാങ്കില്‍ നിന്നും ലിങ്കേജ് ലോണ്‍ എടുത്ത അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കേണ്ട മാച്ചിങ് ഗ്രാന്റ് 2014മുതല്‍ ജൂലൈ മാസം മുതല്‍ നല്‍കിയിട്ടില്ല. ലിങ്കേജ് നേടിയ അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശ ഇളവു നല്‍കുന്ന പദ്ധതി 2012മുതല്‍ പ്രവര്‍ത്തനരഹിതമാണ്. ഈ ഇനത്തില്‍ രണ്ട്‌കോടിരൂപ ജില്ലാ മിഷനില്‍ നിന്നും ലഭിക്കണം. അശരണരും ആരോരുമില്ലാത്ത അഗതികള്‍ക്കും തുണയായിരുന്ന ആശ്രയപദ്ധതി (അഗതിപുനരധിവാസ പദ്ധതി)തകര്‍ച്ചയുടെ വക്കിലാണ്. കുടുംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലെങ്കിലും ഉദ്ഘാടനങ്ങള്‍ നടത്തി കോടികള്‍ കുടുംബശ്രീ മിഷന്‍ ധൂര്‍ത്തടിക്കുകയാണെന്ന് കുടുംബശ്രീ സംരക്ഷണസമിതിയംഗം കാനത്തി ല്‍ ജമീല ആരോപിച്ചു. യാതൊരു മുന്നറിയിപ്പും ആലോചനയുമില്ലാതെയാണ് കുടുംബശ്രീയുടെ ലോഗോ മാറ്റിയത്. പുതിയലോഗോ മാറ്റി പഴയ ലോഗോ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു കുടുംബശ്രീ സംരക്ഷണസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 29ന് രാവിലെ പത്തിന് കലക്ടറേറ്റിനു മുമ്പില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ മാര്‍ച്ച് നടക്കും. മാര്‍ച്ച് പത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുമ്പിലും സമരം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സുമ, പ്രമീള ദേവദാസ്, ഉമ, ദേവി പങ്കെടുത്തു.
Next Story

RELATED STORIES

Share it