കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍

ടി ഷാഹുല്‍ ഹമീദ്

ഭരണഘടനാ സ്ഥാപനങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കടമ സാമൂഹിക നീതിയും പ്രാദേശിക സാമ്പത്തിക വികസനവുമാണ്. ഈ ലക്ഷ്യം നേടുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന സാമൂഹികാധിഷ്ഠിത പ്രസ്ഥാനമാണ് കുടുംബശ്രീ. കേരളത്തില്‍ കഴിഞ്ഞ 17 വര്‍ഷക്കാലം നിരവധി നേട്ടങ്ങളുമായി മുന്നോട്ടുപോകുന്ന കുടുംബശ്രീയുടെ ലക്ഷ്യം സ്ത്രീശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയാണ്.
കേരളത്തില്‍ കുടുംബശ്രീ പ്രസ്ഥാനത്തിനു നേതൃത്വവും മേല്‍നോട്ടവും വഹിക്കുന്നത് അതതു തദ്ദേശസ്വയംഭരണ സമിതികളാണ്. സ്ത്രീമുന്നേറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് കുടുംബശ്രീയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും നേതൃത്വവും വിലയിരുത്തലുമാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ നേതൃത്വവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പുതുതായി അധികാരമേറ്റ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് ഈ കാര്യത്തില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ആലപ്പുഴ, മലപ്പുറം ജില്ലകളിലെ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി(യുപിഎ)യുടെയും സാമൂഹികാധിഷ്ഠിത പോഷകാഹാര പദ്ധതി(സിബിഎന്‍പി)യുടെയും വിജയകരമായ മാതൃകയിലാണ് ത്രിതല സാമൂഹികാധിഷ്ഠിത സംഘടനാ സംവിധാനമായി കുടുംബശ്രീ പിറന്നത്. കുടുംബശ്രീക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ആത്മബന്ധമാണുള്ളത്. കുടുംബശ്രീയുടെ സിഡിഎസ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസ് സമുച്ചയങ്ങളിലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായ ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ഔദ്യോഗിക ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കുടുംബശ്രീയാണ്.
കേരളത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനമായ ആശ്രയ പദ്ധതി (അഗതി പുനരധിവാസ പദ്ധതി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീയാണ് നടപ്പാക്കുന്നത്. കുടുംബശ്രീ സിഡിഎസ് ഭരണസമിതികളില്‍ അഞ്ചു വനിതാ ജനപ്രതിനിധികള്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും തമ്മിലുള്ള ഭരണപരമായ ബന്ധത്തിന്റെ ഉദാഹരണമാണ്. കുടുംബശ്രീയുടെ ആക്ഷന്‍ പ്ലാന്‍ അംഗീകരിക്കേണ്ടത് തദ്ദേശഭരണസമിതികളാണ്. എല്ലാറ്റിനുമുപരി ദാരിദ്ര്യ ഉപസമിതി ഉണ്ടാക്കേണ്ടത് കുടുംബശ്രീയാണ്. ഇങ്ങനെ സര്‍വ മേഖലയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കുടുംബശ്രീക്കു വേര്‍പിരിയാന്‍ കഴിയാത്ത ബന്ധമാണുള്ളത്.
സ്ത്രീകളുടെ സവിശേഷ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിവിഹിതത്തിന്റെ 10 ശതമാനം തുക വനിതാ ഘടകപദ്ധതിക്കായി വിനിയോഗിക്കണം. ജനസംഖ്യയില്‍ 52 ശതമാനം വരുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നയമുണ്ടാവണമെന്നത് സര്‍ക്കാര്‍ നയമാണ്. പൊതുമണ്ഡലങ്ങളില്‍ അവരെ കൊണ്ടുവരുന്നതിനും തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ജീവിതവിജയം ഉണ്ടാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഈ മേഖലയ്ക്കു തുക നിര്‍ബന്ധമായും വകയിരുത്തിയത്.
ഗ്രാമപ്പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ സഹകരിപ്പിക്കുന്നതിനു പഞ്ചായത്തുകളിലെ ഫ്രണ്ട്ഓഫിസ് കാര്യക്ഷമമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനും കുടുംബശ്രീ മുഖേന ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫെസിലിറ്റേറ്റര്‍മാരായി കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കും. പരസ്യ നികുതി പിരിവ്, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനു വിപണനകേന്ദ്രം എന്നിവ ഉണ്ടാക്കുന്നതിനു ഗ്രാമപ്പഞ്ചായത്തുകള്‍ കുടുംബശ്രീക്ക് സഹായം ചെയ്യേണ്ടതായിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, വനിതാക്ഷേമം, സദ്ഭരണം, സാമൂഹികനീതി, സ്വാശ്രയത്വം എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിന് കുടുംബശ്രീയുമായുള്ള സഹകരണം അര്‍ഥപൂര്‍ണമാവണം.
12ാം പഞ്ചവല്‍സരപദ്ധതി അവസാനിക്കാന്‍ പോവുന്ന ഘട്ടത്തില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ചെയ്യാന്‍ കഴിയുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീസൗഹൃദമാക്കുന്നതിനു വേണ്ടിയും സ്വാശ്രയത്വം നേടുന്നതിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ജീവനോപാധി പ്രവര്‍ത്തനങ്ങളില്‍ ബിപിഎല്ലുകാരോ 50,000 രൂപ വാര്‍ഷിക വരുമാനം ഇല്ലാത്തവരോ ആയ സ്ത്രീകളെ കണ്ടെത്തി ഗ്രാമസഭയുടെ അംഗീകാരത്തോടെ വിവിധങ്ങളായ നൈപുണികളും വൈദഗ്ധ്യങ്ങളും ഉണ്ടാക്കിക്കൊടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കുന്നതിനും ഓട്ടോറിക്ഷ വാങ്ങുന്നതിനും സ്ത്രീകള്‍ക്ക് സഹായം നല്‍കാവുന്നതാണ്. സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ആസ്തി സൃഷ്ടിക്കുന്നതിനു രണ്ടു ലക്ഷം രൂപ വരെ സഹായം നല്‍കണം. തൊഴില്‍സംരംഭത്തിനു റിവോള്‍വിങ് ഫണ്ട് നല്‍കാവുന്നതാണ്. വിവിധ സംരംഭങ്ങളെ ക്ലസ്റ്ററുകളാക്കി മാറ്റി കോമണ്‍ ഫെസിലിറ്ററി സെന്ററുകള്‍ക്ക് പശ്ചാത്തലസൗകര്യം പ്ലാന്‍ ഫണ്ടില്‍ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്.
പൊതുമരാമത്തു ജോലികള്‍ പുരുഷന്മാരുടെ കുത്തകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്തു ജോലികളില്‍ ബഹുഭൂരിഭാഗവും അഞ്ചു ലക്ഷം രൂപയ്ക്കു താഴെയുള്ളതാണ്. അത്തരം ജോലികള്‍ 12ാം പഞ്ചവല്‍സര മാര്‍ഗരേഖ പ്രകാരം കുടുംബശ്രീ യൂനിറ്റിനെ ഏല്‍പിക്കാവുന്നതാണ്. എറണാകുളം ജില്ലയില്‍ കുടുംബശ്രീയുടെ കീഴില്‍ വനിതകളുടെ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു. നിര്‍മിതിയുടെ സഹായത്തോടെ ഈ മേഖലയില്‍ പരിശീലനം സംഘടിപ്പിക്കുന്നതാണ്.
കേരളത്തില്‍ ജനസംഖ്യയില്‍ സ്ത്രീകളാണ് കൂടുതല്‍ എങ്കിലും തൊഴില്‍പങ്കാളിത്തത്തില്‍ ദേശീയ ശരാശരിയേക്കാള്‍ പിറകിലാണ്. ഇന്ത്യയില്‍ 25 ശതമാനം സ്ത്രീകള്‍ തൊഴില്‍ ചെയ്യുമ്പോള്‍ കേരളത്തില്‍ അത് 17 ശതമാനം മാത്രമാണ്. വൈദഗ്ധ്യം ആവശ്യമുള്ള മേഖല ഏതൊക്കെയെന്നു കണ്ടെത്തി സ്ത്രീകളെ തൊഴില്‍മുഖത്ത് എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജീവനോപാധികേന്ദ്രങ്ങള്‍ ആരംഭിക്കണം. തൊഴില്‍ ആവശ്യമുള്ള സ്ത്രീകളെ രജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ചെയ്യുന്ന കേന്ദ്രങ്ങളായി ജീവനോപാധികേന്ദ്രങ്ങള്‍ മാറണം.
2015ലെ തിരഞ്ഞെടുപ്പില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിജയിച്ച ഏകദേശം 52 ശതമാനം വനിതാ ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഇത് കേരളത്തിന്റെ സ്ത്രീമുന്നേറ്റ ചരിത്രത്തില്‍ നിര്‍ണായക ഇടപെടലായിരുന്നു. സ്വയംസഹായ സംഘങ്ങള്‍ ലോകത്ത് ആദ്യമായി 1976ല്‍ ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയതിനു ശേഷം 22 വര്‍ഷം കഴിഞ്ഞാണ് കേരളത്തില്‍ സ്വയംസഹായസംഘങ്ങള്‍ വനിതകളുടെ നേതൃത്വത്തില്‍ ഉണ്ടായതെങ്കിലും ഇന്നു കേരളം ദാരിദ്ര്യനിര്‍മാര്‍ജനരംഗത്തെ ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ബംഗ്ലാദേശിനെ പുറംതള്ളിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ സംവിധാനത്തെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ് രാജ്യാന്തര മേഖലയില്‍ നമുക്ക് അതുല്യനേട്ടം കൈവരിക്കാന്‍ സാധിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം കേവലം ആനുകൂല്യ വിതരണമല്ല. അവകാശങ്ങളും അവസരങ്ങളും നേടിയെടുക്കാനുള്ള കഴിവുകള്‍ ആര്‍ജിക്കുന്നതിനും അവ ലഭ്യമാക്കുന്നതിനും സാധിക്കണം.
കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തം ജീവിതസാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് ജീവിതാവസ്ഥ രൂപാന്തരപ്പെടുത്താന്‍ ആവശ്യമായ കുറേ നിര്‍ദേശങ്ങളാണ് ഈയിടെ തയ്യാറാക്കിയ ആക്ഷന്‍ പ്ലാനില്‍ അടങ്ങിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് സമ്പത്തില്‍ അധികാരവും തുല്യനിയന്ത്രണവും ഉണ്ടാക്കുന്നതിനും സ്ത്രീകളുടെ ജീവിതത്തിന്റെ സമഗ്ര വികസനത്തിനും ഉതകുന്ന എല്ലാ സാമൂഹിക സാഹചര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവണം. അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്കുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകള്‍, പരിഹാരങ്ങള്‍, കരടുപദ്ധതി, നിര്‍ദേശങ്ങള്‍ എന്നിവയാണ് ആക്ഷന്‍ പ്ലാനിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.

(കുടുംബശ്രീ പ്രോഗ്രാം ഓഫിസറാണ്  ലേഖകന്‍) 
Next Story

RELATED STORIES

Share it