കുടുംബത്തിലെ നാലുപേര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; മരണത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന് പോലിസ്

കഴക്കൂട്ടം: ഒരു കുടുംബത്തിലെ നാല്‌പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂര്‍ എസ്എന്‍ വായനശാലയ്ക്ക് സമീപം പൂന്തിവിളാകം വീട്ടില്‍ പരേതനായ ശ്രീധരന്റെ മകന്‍ ശ്രീകുമാര്‍ (40), ഭാര്യ എറണാകുളം കടവന്ത്ര സ്വദേശിനി ശുഭ (35), മക്കളായ വൈഗ (6), ഒരുവയസ്സുകാരന്‍ ധാന്‍വിനായക് എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ തോന്നയ്ക്കല്‍ കുടവൂര്‍ ഐകുട്ടികോണം പ്ലാവറയിലുള്ള വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയേയും രണ്ടു മക്കളെയും വിഷംനല്‍കി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനായ ശ്രീകുമാര്‍ തൂങ്ങിമരിച്ചുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി ഇവര്‍ വീട്ടിലുണ്ടായിരുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഞായറാഴ്ച പകല്‍ മുതല്‍ ആരെയും വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി പരിശോധിച്ചപ്പോള്‍ അകത്തുനിന്നു പൂട്ടിയ വീടിനുള്ളില്‍ എസി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. സംശയം തോന്നിയ ബന്ധുക്കള്‍ പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ജനാലയുടെ ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് ശ്രീകുമാറിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹം കട്ടിലില്‍ അടുത്തടുത്തായാണ് കണ്ടത്. ശുഭയെ പ്രണയിച്ച് വിവാഹം ചെയ്തശേഷം മൂന്ന് വര്‍ഷം മുമ്പാണ് ശ്രീകുമാര്‍ കുടവൂരില്‍ വാടകവീട്ടില്‍ താമസമാക്കിയത്. തുടക്കത്തില്‍ ഇലക്ട്രിക്കല്‍ തൊഴിലാളിയായിരുന്ന ശ്രീകുമാര്‍ പിന്നീട് ലോട്ടറി ഏജന്‍സിയെടുത്ത് ഹോള്‍സെയില്‍ കച്ചവടവും നടത്തി. ഇതിനുശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് തിരിയുകയും പലയിടത്തും വസ്തു വാങ്ങി വീടുവച്ച് വില്‍പന നടത്തി വരുകയുമായിരുന്നു. ഇതിനായി പലരില്‍നിന്നും ലക്ഷങ്ങള്‍ കടം വാങ്ങിയതായും പറയപ്പെടുന്നു. പണം തിരികെ നല്‍കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാവാം കൂട്ട ആത്മഹത്യയെന്നാണ് പോലിസിന്റെ നിഗമനം.
മുറിയില്‍നിന്ന് ആത്മഹത്യാകുറിപ്പും പോലിസ് കണ്ടെടുത്തു. 41 ലക്ഷം രൂപയ്ക്ക് സമ്മാനാര്‍ഹമായെന്ന് പറഞ്ഞ് വ്യാജലോട്ടറി ടിക്കറ്റ് നല്‍കി തന്നെ ആരോ പറ്റിച്ചെന്നും ഇതിനുവേണ്ടി പലരില്‍നിന്നും വാങ്ങിയ തുക തിരിച്ച് നല്‍കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. എന്നാല്‍, ആരാണ് പറ്റിച്ചുവെന്നത് ആത്മഹത്യാകുറുപ്പിലില്ലെന്നാണ് പോലിസ് പറയുന്നത്. ഇക്കാര്യങ്ങള്‍ പോലിസ് വിശദമായി അന്വേഷിക്കുന്നുണ്ട്. നാലു പേരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. വൈഗ ശാസ്തവട്ടം രവിശങ്കര്‍ മൊമ്മോറിയല്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. സുശീലയാണ് ശ്രീകുമാറിന്റെ മാതാവ്. നാലു സഹോദരങ്ങളുണ്ട്.
Next Story

RELATED STORIES

Share it