Gulf

കുടുംബത്തിന്റെ ആത്മഹത്യ; ഖത്തര്‍ പ്രവാസി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കുടുംബത്തിന്റെ ആത്മഹത്യ; ഖത്തര്‍ പ്രവാസി മുഖ്യമന്ത്രിക്ക് പരാതി നല്‍കി
X
raheemഎം ടി പി റഫീക്ക്

ദോഹ: കിളിമാനൂരിലെ കൂട്ട ആത്മഹത്യക്ക് പിന്നിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരുന്നതിന് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദുരന്തത്തില്‍ മരിച്ച ജാസ്മിന്റെ ഭര്‍ത്താവ് അബ്ദുല്‍ റഹീം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി. ജാസ്മിന്റെ കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ദുരന്തത്തിനു കാരണക്കാരനായ ബന്ധു രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും റഹീം  പറഞ്ഞു.
നവംബര്‍ 29 നാണ് ദോഹയില്‍ ബിസിനസുകാരനായ തിരുവനന്തപുരം ആലങ്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ഭാര്യ ജാസ്മിനും മകള്‍ മൂന്നു വയസുകാരി ഫാത്തിമയും കിളിമാനൂര്‍ ആക്കുളം കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. ജാസ്മിന്റെ ഉമ്മയും മൂത്ത കുട്ടികളായ റയാന്‍ (10), റംസിന്‍ (7) എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ജ്യേഷ്ടത്തിയും കുഞ്ഞും നഷ്ടപ്പെട്ട  മനോവിഷമത്തെ തുടര്‍ന്ന് പിറ്റേ ദിവസം ജാസ്മിന്റെ സഹോദരി സജിനയും  പേട്ട റയില്‍വെ സ്റ്റേഷന് സമീപം തീവണ്ടിക്കു മുന്നിലേക്ക് ചാടി ജീവനോടുക്കിയിരുന്നു.

ദോഹയില്‍ ബിസിനസിലുണ്ടായ നഷ്ടങ്ങളെ തുടര്‍ന്ന് ചെക്ക് കേസില്‍ അറസ്റ്റിലായ റഹീം നാട്ടിലെ  വസ്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കാന്‍ ഭാര്യയേയും മൂന്നു കുട്ടികളെയും നാട്ടിലെക്കയക്കുകയായിരുന്നു. സ്ഥലം വിറ്റുകിട്ടിയ പണവുമായി ബന്ധു മുങ്ങിയതാണ് ദാരുണമായ ദുരന്തത്തില്‍ കലാശിച്ചതെന്നു പറയപ്പെടുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് കേസിലകപ്പെട്ട റഹീം പ്രിയപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ പോലും കാണാന്‍ കഴിയാത്ത വിഷമത്തില്‍ ദോഹയില്‍ കഴിയുകയാണ്. കിളിമാനൂര്‍ പോലിസിന്റെ കസ്റ്റഡിയിലുള്ള കല്ലമ്പലം ഈരാണിമുക്ക് ലീലാ മന്‍സിലില്‍ നാസറും ഭാര്യയുടെ ബന്ധുക്കളായ രണ്ടു സ്ത്രീകളുമാണ് പ്രിയപ്പെട്ടവരുടെ ആത്മഹത്യക്ക് പിന്നിലെന്ന് റഹീം പറയുന്നു.

ഈ രണ്ടു സ്ത്രീകളെ ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രിയപ്പെട്ടവരുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് റഹീമും ജാസ്മിന്റെ സഹോദരന്‍ റിയാസും. ഇതിനിടെ തന്റെ കുടുംബത്തെ അവഹേളിക്കുന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും റഹീം പറഞ്ഞു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കുടുംബത്തെക്കുറിച്ച് വളരെ മോശമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വാര്‍ത്തകള്‍ വന്നിരുന്നു.
Next Story

RELATED STORIES

Share it