കുടുംബം ഭീതിയിലെന്ന് ഷമീറിന്റെ ബന്ധുക്കള്‍

കണ്ണൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് വിചാരണ അട്ടിമറിക്കാനായി പോലിസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കണ്ണൂര്‍ താണ ഫജ്‌നസില്‍ ഷമീറിന്റെ ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ പ്രതികളുടെ നിരപരാധിത്വം ബോധ്യപ്പെട്ടതോടെയാണ് അട്ടിമറിച്ചു വിചാരണ വീണ്ടും നീട്ടാന്‍ ശ്രമിക്കുന്നത്.
ഏഴു വര്‍ഷമായി ജയിലില്‍ കഴിയുന്ന ശറഫുദ്ദീന്റെ സഹോദരന്‍ തസ്‌ലീമിനെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന കുറ്റംചുമത്തി അറസ്റ്റ് ചെയ്തു. തസ്‌ലീമിന്റെ അറസ്റ്റിന് ഒരാഴ്ച മുമ്പും ഇതേ ദിവസവുമാണ് തന്റെ വീട്ടിലേക്കു പോലിസിന്റെ ഫോ ണ്‍ വന്നതെന്ന് ഷമീറിന്റെ സഹോദരന്‍ ഷഹീര്‍ താണ പറഞ്ഞു. ഫോണെടുത്ത സ്ത്രീയോട് ഷമീര്‍ എവിടെയാണ് ഉള്ളതെന്നായിരുന്നു ചോദ്യം. നാലര വര്‍ഷമായി ജയിലിലുള്ളത് നിങ്ങള്‍ക്ക് അറിയില്ലേയെന്നു ചോദിച്ചു. പിന്നീട് തനിക്കും വീട്ടിലേക്കും ദുരൂഹമായ ഫോണ്‍വിളികള്‍ വരുന്നതായി ഷഹീര്‍ വെളിപ്പെടുത്തി. ഒരേ അഭിഭാഷകനു കീഴില്‍ സഹോദരങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ തസ്‌ലീമുമായി ബന്ധപ്പെടാറുണ്ട്. നാലുവര്‍ഷം മുമ്പ് ഷമീറിനെയും ദിവസങ്ങള്‍ക്കു മുമ്പ് തസ്‌ലീമിനെയും അറസ്റ്റ് ചെയ്ത സാഹചര്യം പരിഗണിക്കുമ്പോള്‍ ഭയപ്പെടേണ്ട അവസ്ഥയാണ്.
തുല്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസ് ചുമത്തിയും നിശ്ശബ്ദമാക്കാനുള്ള ഗൂഢശ്രമത്തിനെതിരേ സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്ന് ഷമീറിന്റെ കുടുംബം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഷമീറിന്റെ മാതാവ് സാബിറ, സഹോദരഭാര്യ സാബിറ, മറ്റൊരു സഹോദരന്‍ ഫജര്‍ നൗഫല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it