Kollam Local

കുടി വെള്ള ടാങ്ക് ദുരന്തം: ഭൂഗര്‍ഭ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥന്‍ റിമാന്‍ഡില്‍

പുത്തൂര്‍: കൈതക്കോട് വാട്ടര്‍ ടാങ്ക് വീടിനു മുകളില്‍ വീണ് കുട്ടിമരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ എന്‍ജിനീയറെ റിമാന്‍ഡ് ചെയ്തു.

ഭൂഗര്‍ഭ ജലവിഭവ വകുപ്പ് കൊല്ലം അസി. എന്‍ജിനീയര്‍ തിരുവനന്തപുരം തിരുമല മൈത്രി നഗര്‍ മനു നിവാസില്‍ എം ടി മഞ്‌ജേഷിനെയാണ് കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തത്. താന്‍ തന്നെയാണ് അശോക് കുമാറിന്റെ പേരില്‍ കരാര്‍ ഏറ്റെടുത്ത് കുടിവെള്ള പദ്ധതി സ്ഥാപിക്കുന്ന ജോലി ചെയ്തതെന്ന് മഞ്‌ജേഷ് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കരാര്‍ രേഖകളില്‍ ഒപ്പിട്ടതുകൊണ്ടുതന്നെ തിരുവനന്തപുരം സ്വദേശിയായ അശോക് കുമാറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇയാളും ഒളിവിലാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്. ഇതേ വകുപ്പിലെ കോട്ടയം എക്‌സി. എന്‍ജിനീയര്‍ സെല്‍വനാണ് മറ്റൊരു പ്രതി. ഇയാള്‍ ഇന്നലെ പോലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിച്ചിട്ടും ഹാജരായില്ല. തിങ്കളാഴ്ച ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇന്നലെ ഹാജരാകാമെന്ന വ്യവസ്ഥയില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് എം ടി മഞ്‌ജേഷിനെയും സെല്‍വനെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 2015 ആഗസ്തിലാണ് കൈതക്കോട് വേലംപൊയ്ക കുടിവെള്ള പദ്ധതി നടപ്പാക്കിയത്. 6.4 ലക്ഷം രൂപയ്ക്ക് നടപ്പാക്കിയ പദ്ധതിയില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതായി പോലിസിന്റെ പ്രാഥമിക അന്വേഷണത്തിലും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇതുള്‍പ്പടെ 15 കുടിവെള്ള പദ്ധതികളും ഈ എന്‍ജിനീയറുടെ നേതൃത്വത്തിലായിരുന്നു നിര്‍മിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇയാളുടെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it