Kottayam Local

കുടിവെള്ള വിതരണത്തിന് മികച്ച മാതൃകയായി മഞ്ഞളരുവിയും ഓരുങ്കല്‍തടവും

എരുമേലി: ജനകീയ കൂട്ടായ്മയിലൂടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായതിന്റെ മികച്ച മാതൃകകളാണ് മഞ്ഞളരുവിയും ഓരുങ്കല്‍തടവും. ഓരുങ്കലില്‍ കുടിവെള്ളം എല്ലാ വീട്ടിലുമെത്തിക്കാന്‍ സഹകരണ സംഘം രൂപീകരിച്ചത് 30 വര്‍ഷം മുമ്പായിരുന്നു. 16 വര്‍ഷം മുമ്പാണ് മഞ്ഞളരുവിയിലും തോണിപ്പാറ കോളനിയിലും ഇതേ കൂട്ടായ്മ പിറന്നത്.
അന്ന് മുതല്‍ ഇവിടേയ്ക്ക് വെള്ളം ഒഴുകുകയാണ് ഓരോ വീടുകളിലേയ്ക്കും. ജലവിതരണത്തിന്റെ ചെലവ് തുല്യമായി വീതിച്ച് ഓരോ കുടുംബവും പ്രതിമാസം തുക നല്‍കുന്നു. പമ്പ് ഓപ്പറേറ്റര്‍ക്ക് ശബളവും വൈദ്യുതി ചാര്‍ജും ഈ തുകയില്‍ നിന്നു ചെലവഴിക്കുന്നു. നൂറ് കണക്കിന് കുടുംബങ്ങളാണ് ജലക്ഷാമത്തിന്റെ ദുരിതങ്ങളില്‍ നിന്നു മോചനം നേടിയിരിക്കുന്നത്. ത്രിതല പഞ്ചായത്തുകള്‍ നല്‍കിയ ഫണ്ട് ഉപയോഗിച്ച് മണിമലയാറിന്റെ കൈവഴിയായ മഞ്ഞളരുവിയില്‍ രണ്ട് തോടുകള്‍ കൂടിച്ചേരുന്ന ഭാഗത്ത് കരയില്‍ നിര്‍മിച്ച കുളമാണ് ശുദ്ധജല സ്രോതസ്സ്. ഓരുങ്കല്‍ തടം നിവാസികള്‍ക്ക് 1986-ല്‍ മണിമലയാറിലെ കട്ടിക്കയത്ത് നിന്നു വെള്ളം ശേഖരിച്ച് പമ്പ് ഹൗസ് വഴി രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലൂടെയാണ് വിതരണം ആരംഭിച്ചത്.
അത് ഇന്നും തുടരുന്നു. മഞ്ഞളരുവിയിലും ഓരുങ്കലിലും കുന്നിന്റെ മുകളിലുള്ള ടാങ്കില്‍ നിന്നും വൈദ്യുതി ആവശ്യമില്ലാതെ തന്നെ എല്ലാ വീടുകളിലും വെള്ളം എത്തുകയാണ്. രണ്ടിടത്തും നാട്ടുകാര്‍ മുന്നിട്ടിറങ്ങി പദ്ധതി തയ്യാറാക്കുകയും ആവശ്യമായ ഫണ്ട് നേടിയെടുക്കുകയും ഒപ്പം ജനകീയ കമ്മിറ്റിയും സഹകരണ സംഘവും രൂപീകരിച്ച് യാഥാര്‍ത്ഥ്യമാക്കിയെന്നുമാത്രമല്ല പതിറ്റാണ്ടുകളായി ഒരു മുടക്കവും പരാതികളുമില്ലാതെ നാടിന് സുലഭമായി വെള്ളം നല്‍കിക്കൊണ്ടിരിക്കുന്നു. ഒട്ടുമിക്ക സ്ഥലങ്ങളിലും കുടിവെള്ളത്തിനായി ആവിഷ്‌കരിച്ച പദ്ധതികള്‍ എല്ലാം തന്നെ ലക്ഷ്യം കാണാതെ ഫണ്ട് പാഴാക്കിയതിന്റെ കാഴ്ചകളാവുമ്പോള്‍ മഞ്ഞളരുവിയും ഓരുങ്കല്‍തടവും മികച്ച മാതൃകയായി മാറുകയാണ്.
Next Story

RELATED STORIES

Share it