Kottayam Local

കുടിവെള്ള വിതരണം; ഗുണനിലവാരം ഉറപ്പാക്കണമെന്ന ആവശ്യം ശക്തം

ചങ്ങനാശ്ശേരി: കടുത്ത ചൂടിനൊപ്പം ജലക്ഷാമം ആരംഭിച്ചതോടെ പണം കൊടുത്തു വാങ്ങിക്കുന്ന കുടിവെള്ളത്തിന്റെ ഗുണ നിലവാരം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപം. വാഹനങ്ങളില്‍ ടാങ്കും മറ്റും ഘടിപ്പിച്ച് ആയിരം ലിറ്ററിനു 300 മുതല്‍ 400 രൂപവരെ വാങ്ങുന്ന കുടിവെള്ളത്തന്റെ ഗുണ നിലവാരം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവാര്‍ തയ്യാറാവുന്നില്ലെന്ന ആശങ്കയാണ് ഉപഭോക്താക്കളില്‍ ശക്തമായത്.
ഇത്തരം വെള്ളം കൊണ്ടുപോവുന്ന ടാങ്കറുകള്‍ക്കു പ്രത്യേക നിറം തന്നെ ഉണ്ടായിരിക്കണമെന്നും അതു ദിവസേന ശുദ്ധീകരിക്കണമെന്നുമാണ് നിബന്ധനയെങ്കിലും അത് എവിടെയും പാലിക്കപ്പെടുന്നില്ല. എവിടെ നിന്നുള്ള വെള്ളമാണു വിതരണത്തിനു കൊണ്ടുവരുന്നതെന്ന് അറിയാനും ആവശ്യക്കാര്‍ക്കു കഴിയുന്നില്ല.
കുടിവെള്ള വിതരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും പ്രത്യേക അനുമതി വാങ്ങണമെന്ന നിബന്ധന പോലും ആരും പാലിക്കാറില്ലെന്നാണ് ആക്ഷേപം. വറ്റാത്ത കിണറുകള്‍ കണ്ടെത്തി അവിടെ നിന്ന് ടാങ്കറില്‍ നിറച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതൊഴിച്ചാല്‍ അത് എത്രത്തോളം ശുദ്ധമാണെന്നറിയാനും നാട്ടുകാര്‍ക്ക് സൗകര്യങ്ങളില്ല. എന്നാല്‍ ഇങ്ങനെ വാങ്ങുന്ന വെള്ളം കുളിക്കാനും പാത്രങ്ങള്‍ കഴുകാനും മറ്റുമാണ് ഉപയോഗിക്കുന്നതെന്നും ആഴ്ച്ചയില്‍ ഒരിക്കലോ വല്ലപ്പോഴുമോ പൈപ്പില്‍കൂടി എത്തുന്ന വെള്ളമാണ് കുടിക്കാനായി ഉപയോഗിക്കുന്നതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം കുടിവെള്ളത്തില്‍ ബാക്റ്റീയകളുടെ അംശങ്ങള്‍ വ്യാപകമായി വര്‍ധിച്ചതു കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗവും മറ്റും ഇതിനെതിരേ ശക്തമായി രംഗത്തിറങ്ങിയിരുന്നു.
തുടര്‍ന്ന് ഇതിന്റെ വിതരണത്തില്‍ ശക്തമായ നിയന്ത്രണവും ഏര്‍പ്പെടുത്തി. കുടിവെള്ളത്തിന്റെ വിലയെ സംബന്ധിച്ചും ഒരു കൃത്യതയും എങ്ങുമില്ല. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിലയില്‍ വ്യത്യാസങ്ങളും വരുത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുക. ഇതും സാധാരണക്കാരില്‍ ബുദ്ധിമുട്ടികള്‍ സൃഷ്ടിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ കുടിവെള്ള ക്ഷാമം ആരംഭിക്കുമ്പോള്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിവെള്ളം നല്‍കാനായി നേരത്തെതന്നെ മുന്നിട്ടിറങ്ങുമായിരുന്നു. ഇപ്പോള്‍ അതിനുള്ള ശ്രമവും എങ്ങും ആരംഭിച്ചിട്ടുമില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ഇതിനായി വേണമെന്ന ധാരണയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത്തവണ കുടിവെള്ള വിതരണത്തിനായി കാര്യമായി മുന്നോട്ടു വന്നിട്ടുമില്ല.
Next Story

RELATED STORIES

Share it