Alappuzha local

കുടിവെള്ളമില്ല; കരീത്തറ നിവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

പൂച്ചാക്കല്‍: വോട്ട് ചെയ്യാന്‍ ഇക്കുറി കരീത്തറ നിവാസികള്‍ പോളിങ് ബൂത്തിലേക്കില്ല. കുടിവെള്ളം എത്തിച്ചാല്‍ വോട്ട് ചെയ്യാം എന്ന നിലപാടിലാണ് കോളനി നിവാസികള്‍.
പാണാവള്ളി പഞ്ചായത്ത് 11-ാം വാര്‍ഡിലെ കരീത്ത കോളനി വാസികളാണ് വോട്ട് ബഹിഷ്‌കരണവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രദേശത്ത് കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. കുടിവെള്ള പ്രശ്‌നത്തിന് ഒരു പരിഹാരം ലഭിച്ചാല്‍ മാത്രമേ വോട്ട് ചെയ്യുകയുള്ളൂവെന്ന തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കോളനി നിവാസികള്‍.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കാണിച്ച് പ്രദേശത്ത് പോസ്റ്റ്‌റുകള്‍ പതിപ്പിച്ച് പ്രചാരണവും പ്രദേശവാസികള്‍ ആരംഭിച്ചുകഴിഞ്ഞു.
എന്നിട്ടും വോട്ട് അഭ്യര്‍ഥനയുമായി എത്തുന്ന സ്ഥാനാര്‍ഥികളോട് നേരിട്ടു പരാതി പറഞ്ഞു പ്രതിഷേധിക്കുകയാണ് പ്രദേശവാസികള്‍. കുടിവെള്ള പ്രശ്‌നം നേരിട്ട് കുടുതലായി അനുഭവിക്കുന്ന വീട്ടമ്മമാരാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്.
തീരദേശമായ കരീത്തറ കോളനിയില്‍ മല്‍സ്യത്തൊഴിലാളികളടക്കം പതിനഞ്ചോളം വീട്ടുകാര്‍ക്കാണ് കുടിവെള്ളം പ്രശ്‌നം അനുഭവിക്കുന്നത്. വേനല്‍ ചൂട് കടുത്തതോടെ കിണറുകളിലും കുളങ്ങളിലുംവെള്ളം വറ്റിവരണ്ടു. പാണാവളളി പഞ്ചായത്തുവക നീലം കുളങ്ങരയില്‍ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയില്‍ നിന്നാണ് ഇവിടേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്.
പൈപ്പിലൂടെ നൂലുപോലെയാണ് വെള്ളമെത്തുന്നത്. രാത്രി സമയങ്ങളില്‍ മാത്രംവെള്ളം വരുന്നതിനാല്‍ വെള്ളം എടുക്കുവാനോ ശേഖരിച്ചു വയ്ക്കാനോ കോളനി നിവാസികള്‍ക്ക് സാധിക്കുന്നില്ല. മറ്റ് സ്ഥലങ്ങളില്‍ നിന്നു വള്ളത്തില്‍ കൊണ്ടുവരുന്ന വെള്ളമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ പല സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. അധിക സമ്മര്‍ദ്ദം കാരണം പൈപ്പ് പൊട്ടാതിരിക്കാന്‍ സമ്മര്‍ദ്ദം കുറച്ച് പമ്പിങ് നടത്തുന്നതും ജല ദൗര്‍ലഭ്യത്തിന് കാരണമാവുന്നു.
കോടികള്‍ ചെലവഴിച്ച് നടപ്പാക്കിയ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ പ്രദേശത്ത് കുടിവെള്ളമെത്തുന്നില്ല. തീരദേശങ്ങളിലെ ടാപ്പുകളില്‍ ജപ്പാന്‍ കുടിവെള്ളം വഴിപലപ്പോഴും എത്തുന്നില്ല. ഉള്‍പ്രദേശവാസികള്‍ ഹൗസ് കണക്ഷന്‍ വാല്‍ വില്‍ മോട്ടോര്‍ ഘടിപ്പിച്ച് ജലം എടുക്കുന്നു എന്നാണ് ഇതിന് കാരണമായി അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it