ernakulam local

കുടിവെള്ളമില്ല: ഒരുമുന്നണിക്കും വോട്ടില്ലെന്ന് പെരുമ്പാവൂര്‍ കറുകപ്പിള്ളി തുരുത്ത് നിവാസികള്‍

പെരുമ്പാവൂര്‍: വെള്ളമില്ലെങ്കില്‍ വോട്ടുമില്ല എന്ന നിലപാടിലാണ് ഇക്കുറി കറുകപ്പിള്ളി തുരുത്ത് നിവാസികള്‍. വെങ്ങോല പഞ്ചായത്തിലെ 14ാം വാര്‍ഡ് കറുകപ്പിള്ളി തുരുത്ത് നിവാസികള്‍ ഇക്കുറി ഒരുമുന്നണിക്കും വോട്ടുചെയ്യില്ല.
കുടിവെള്ള ക്ഷാമം രുക്ഷമായതിനെ തുടര്‍ന്ന് വിലകൊടുത്ത് ടാങ്കറില്‍ വെള്ളമെത്തിച്ചാണ് തുരുത്ത് നിവാസികള്‍ കഴിയുന്നത്. വര്‍ഷങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് കറുകപ്പിള്ളി തുരുത്ത്.
70 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് 250ല്‍ പരം വോട്ടര്‍മാരാണുള്ളത്. എന്നാല്‍ ഈ പ്രദേശത്തേക്ക് വെള്ളമെത്തിക്കാന്‍ ഇവിടത്തെ വാര്‍ഡ് മെംബറോ എംഎല്‍എയോ തയ്യാറാവാത്തതിനാലാണ് ഇക്കുറി വോട്ടുചെയ്യേണ്ടതില്ല എന്ന് പ്രദേശവാസികള്‍ തീരുമാനിച്ചത്.
സമീപ പ്രദേശമായ ഇല്ലത്തുകുടി ആലിന്‍ചുവട്ടില്‍ എസ്‌സി കോളനിക്കായി നിര്‍മിച്ച കുടിവെള്ള പദ്ധതിയില്‍നിന്നും കറുകപ്പിള്ളി തുരുത്ത് നിവാസികള്‍ക്കും വള്ളം നല്‍കാം എന്ന് അധികാരികള്‍ ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒമ്പത് മാസം പന്നിടുമ്പോഴും കറുകപ്പിള്ളി തുരുത്തില്‍ വെള്ളമെത്തിയിട്ടില്ല. ചോദിച്ചാല്‍ തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന മറുപടിയാണ് വാര്‍ഡ് മെംബറില്‍നിന്നും ലഭിക്കുന്നത്.
അധികാ—രികള്‍ കണ്ണുതുറക്കാത്തതിലുള്ള പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.
അതുകൊണ്ടുതന്നെ ഇത്തവണ വോട്ടുചോദിച്ച് ആരും കറുകപ്പിള്ളി തുരുത്തിലേക്ക് വരേണ്ടതില്ലെന്നും പ്രദേശത്തുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it