കുടിവെള്ളമില്ല; ആദിവാസി കോളനികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

പുല്‍പ്പള്ളി: അത്യാവശ്യത്തിനുപോലും കുടിവെള്ളമില്ലാതായത് പുല്‍പ്പള്ളി മേഖലയിലെ ആദിവാസി കോളനികളെ പകര്‍ച്ചവ്യാധി ഭീഷണിയിലാക്കുന്നു. വേനല്‍ കനത്തതോടെ കുളങ്ങളും നീരുറവകളും വറ്റിവരണ്ടതിനാല്‍ വീട്ടാവശ്യത്തിനും കുടിക്കാനും മറ്റും ആദിവാസികള്‍ കുഴികളില്‍നിന്നും ഒഴുക്കുനിലച്ച നീര്‍ച്ചാലുകളില്‍നിന്നും മറ്റും വെള്ളം എടുക്കുന്നതാണ് കോളനികള്‍ മാരകരോഗങ്ങളുടെ ഭീതിയിലാവാന്‍ കാരണം.
മേഖലയിലെ പല ആദിവാസി കോളനികളിലും ശുദ്ധമായ കുടിവെള്ളം കിട്ടാനില്ല. എല്ലാ കോളനികളിലും തട്ടിക്കൂട്ടിയുണ്ടാക്കിയ കുടിവെള്ളസംവിധാനമാണു നിലവിലുള്ളത്. പല കോളനികളിലും അത്തരം സംവിധാനങ്ങളൊക്കെ വരള്‍ച്ച രൂക്ഷമായതോടെ അവസാനിച്ചുകഴിഞ്ഞു. തോടുകളിലെ വെള്ളക്കെട്ടുകളില്‍നിന്ന് കപ്പും ചെറിയ പാത്രങ്ങളുംകൊണ്ട് ചളിവെള്ളം കോരിയെടുത്ത് വീടുകളിലെത്തിച്ച് ഉപയോഗിക്കുകയാണ്. തികച്ചും മലിനമായ ജലമാണ് ഭക്ഷണത്തിനുപോലും ഉപയോഗിക്കുന്നത്. കോളറപോലെയുള്ള മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇത് ഇടയാക്കും.
പല കോളനികളിലും തുറസ്സായ സ്ഥലങ്ങളിലാണ് മലമൂത്രവിസര്‍ജനം നടത്തുന്നത്. ഇതു വെള്ളത്തില്‍ മാലിന്യം കലരാനിടയാക്കുന്നു. മിക്ക കോളനികളിലും ത്വഗ്‌രോഗങ്ങള്‍, ക്ഷയം ഉള്‍പ്പെടെയുള്ളവ ബാധിച്ചവരുമുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഇത്തരം രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണ്.
എസ്ടി പ്രമോട്ടര്‍മാര്‍ ആദിവാസികള്‍ക്ക് രോഗം മൂര്‍ച്ഛിക്കുമ്പോഴോ അവശരാവുമ്പോഴോ ആണ് അക്കാര്യം അറിയുന്നത്. രോഗം ബാധിച്ചാല്‍ പലരും ചികില്‍സ തേടാറുമില്ല. ആദിവാസി കോളനികളില്‍ അടിയന്തരമായി പരിശോധന നടത്തി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികളുണ്ടായാല്‍ മാത്രമേ പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍നിന്നു കോളനികളെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ.
ആരോഗ്യവകുപ്പിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും അടിയന്തരമായ ഇടപെടല്‍ ഈ കാര്യത്തിലുണ്ടാവണമെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it