malappuram local

കുടിവെള്ളമില്ലാതെ മുണ്ടേരി അപ്പന്‍കാപ്പ് കോളനി

എടക്കര: കുടിവെള്ളക്ഷാമത്താല്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിക്കാര്‍ ദുരിതത്തില്‍. കുടിവെള്ളത്തിനായി കോളനിയില്‍ അഞ്ചു കിണറുകള്‍ വിവിധ കാലയളവില്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അങ്കണവാടി കിണര്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗയോഗ്യമായിട്ടുള്ളത്. ജലനിധി കുടിവെള്ള പദ്ധതിയാവട്ടെ ൈവദ്യുതി ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നുമില്ല. ഗ്രാമപ്പഞ്ചായത്താണ് പദ്ധതിയുടെ വൈദ്യുത ബില്‍ അടയ്‌ക്കേണ്ടത്.
ഏറ്റവുമൊടുവില്‍ പിവിടിജി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കിണര്‍ കരാറുകാരന്‍ വൃത്തിയാക്കിയിട്ടില്ല. തൊണ്ണൂറോളം കുടുംബങ്ങള്‍ പാര്‍ക്കുന്ന അപ്പന്‍കാപ്പില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വനത്തിലെ ചോലകളില്‍ നിന്നു പൈപ്പ് ഉപയോഗിച്ചാണ് കോളനിയിലെ മിക്ക കുടുംബങ്ങളും കുടിവെള്ളമെത്തിക്കുന്നത്. അല്ലാത്തവര്‍ സമീപത്തുകൂടി ഒഴുകുന്ന നീര്‍പുഴയുടെ തീരത്ത് കുഴികള്‍ നിര്‍മിച്ച് വെള്ളം ശേഖരിക്കും. ചോലകള്‍ വറ്റിവരണ്ടുതുടങ്ങിയതോടെ കോളനിക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. കോളനിയുടെ താഴ്ഭാഗത്ത് വെള്ളം എത്തിച്ചിരുന്ന ചോലകള്‍ പൂര്‍ണമായി വറ്റിവരണ്ടു. രണ്ട് കിലോമീറ്റര്‍ ഉള്‍വനത്തില്‍ നിന്നുമാണ് പൈപ്പുകളിട്ട് വെള്ളം എത്തിക്കുന്നത്. കാട്ടാനകള്‍ സ്ഥിരമായി പൈപ്പുകള്‍ നശിപ്പിക്കുന്നതിനാല്‍ മിക്കപ്പോഴും വെള്ളം കിട്ടാറുമില്ല. വനത്തില്‍ നിന്നുമെത്തുന്ന ജലം മലിനമാവുമെന്നതിനാല്‍ രോഗസാധ്യത നിലനില്‍ക്കുന്നുമുണ്ട്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ കോളനിയില്‍ നടത്തുമ്പോള്‍ ഇവയൊന്നും ആദിവാസികള്‍ക്ക് ഉപകാരപ്പെടുന്നില്ല. കോളനി സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രീയ നേതാക്കളും ഉദേ്യാഗസ്ഥരും വാഗ്ദാനപ്പെരുമഴ നടത്തുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ലെന്നും കോളനിക്കാര്‍ കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it