Kollam Local

കുടിവെള്ളത്തിന് കനാല്‍ ജലം പദ്ധതിയുടെ ട്രയല്‍ റണ്‍ തുടങ്ങി

ശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് കുറഞ്ഞ് കുടിവെള്ള വിതരണം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കുടിവെള്ള വിതരണത്തിന് വേണ്ടി വാട്ടര്‍ അതോറിറ്റി കണ്ടെത്തിയ ബദല്‍ പദ്ധതിയുടെ ട്രയല്‍ റണ്‍ ഇന്നലെ ആരംഭിച്ചു. കനാലില്‍ നിന്നും വെള്ളം ശാസ്താംകോട്ടയിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് കൊല്ലം പട്ടണത്തിലടക്കം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇതിന് വേണ്ടി ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസിന് സമീപത്ത് കൂടി പോകുന്ന കനാലില്‍ നിന്നും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പൈപ്പുകള്‍ സ്ഥാപിച്ചു. ഇന്നലെ മുതല്‍ മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് പൈപ്പ് വഴി ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിക്കുകയായിരുന്നു. ഒന്നാം ഘട്ടം വിജയകരമായിരുന്നുവെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷം വിതരണം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി കനാല്‍ തുറന്ന് വിട്ടിട്ടുണ്ട്. മോട്ടോറുകള്‍ സ്ഥാപിച്ച സ്ഥലത്ത് കനാലില്‍ മണല്‍ ചാക്ക് നിരത്തി തടയണയും സൃഷ്ടിച്ചിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് യാതൊരുവിധ ആശങ്കകളും വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വിവിധ മേഖലകളിലൂടെ കിലോമീറ്ററുകള്‍ ദൂരം ഒഴുകിവരുന്ന കനാല്‍ ജലത്തിന്റെ ശുദ്ധതയെ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it