palakkad local

കുടിവെള്ളത്തിന്റെ മറവില്‍ സ്പിരിറ്റ് കടത്ത്

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: ജില്ലയില്‍ കഠിനമായ ചൂട് അനുഭവപ്പെടുമ്പോള്‍ കുടിവെള്ളത്തിന്റെ മറവില്‍ അതിര്‍ത്തി കടത്തി സ്പിരിറ്റ് ഒഴുക്ക് സജീവമാക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ആഡംബര വാഹനങ്ങളിലും ടാങ്കര്‍ ലോറികളിലുമാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്നത്. വാളയാര്‍, മീനാക്ഷീപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകള്‍ വഴിയും പ്രധാന ഊടുവഴിയുമാണ് സ്പിരിറ്റ് കടത്ത് സജീവമായി നടത്തിയിരുന്നത്.
കാലം മാറിയതോടെ പഴഞ്ചന്‍ കടത്തു രീതികള്‍ ഒഴിവാക്കി പുതിയ രീതികള്‍ അവലംബിക്കാന്‍ തുടങ്ങിയതോടെ പരിശോധന സംഘവും കുഴങ്ങാന്‍ തുടങ്ങി. കള്ളുകടത്തു വാഹനങ്ങളില്‍ കള്ളിനോടൊപ്പം പ്രത്യേക കന്നാസുകളില്‍ സ്പിരിറ്റ് കടത്ത് പിടികൂടിയതോടെ ആ ഉദ്യമവും ഉപേക്ഷിച്ച് വേനലിന്റെ കാഠിന്യമാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന വഴി.
അതിര്‍ത്തികള്‍ക്ക് അപ്പുറമുള്ള കുടിവെള്ള പ്ലാന്റുകളില്‍ നിന്നും വെള്ളമെത്തിക്കുന്ന വ്യാജേനയാണ് സ്പിരിറ്റ് കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. 20 ലിറ്ററിന്റെ വെള്ളം നിറച്ച ബോട്ടിലുകള്‍ രൂപേണയാണ് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് തിരഞ്ഞെടുപ്പ്, ഉല്‍സവങ്ങള്‍, പൂരങ്ങള്‍, നെന്മാറ-വല്ലങ്ങി വേല തുടങ്ങിയവ നടക്കുന്നതിന്റെ മുന്നോടിയായി സ്പിരിറ്റ് ഒഴുക്ക് നടക്കുന്നത്. പിന്നീട് ഇതിനെ ബ്രാണ്ടിയാക്കി മാറ്റി കുപ്പികളില്‍ വ്യത്യസ്ത പേരുകളിലാണ് വില്‍പന നടത്തുന്നത്.
ചെക്ക്‌പോസ്റ്റുകളില്‍ സൗജന്യമായി രണ്ടു ബോട്ടില്‍ വെള്ളം നല്‍കിയാല്‍ മതി. പരിശോധന വേണ്ട; വെള്ളമാണ് സാറേ, ശരി പൊയ്‌ക്കോ... പരിശോധന ഇത്ര മാത്രം. ആനമലയിലും അബ്രാംപാളയത്തും കുടിവെള്ള പ്ലാന്റുകള്‍ വളരെ കടുതലാണ്.
കേരളത്തിന് ലഭിക്കേണ്ട ആളിയാര്‍ വെള്ളം ഒഴുകി എത്തുന്ന പുഴയ്ക്ക് കുറുകെ തടയണ കെട്ടി വ്യാപകമായി ജലചൂഷണം നടത്തിയാണ് ഈ കുടിവെളള പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ലാഭക്കൊതിക്കായി വെള്ളമെന്ന വ്യാജേന സ്പിരിറ്റ് കടത്തിന് ഒത്താശ ചെയ്തു കൊടുക്കുകയാണ്.
അതിര്‍ത്തി കടന്നു വരുന്ന കുടിവെള്ളം നിറച്ച കന്നാസുകളും സ്പിരിറ്റും കടന്നു പോകുമ്പോള്‍ ചെക്ക് പോസ്റ്റ് പരിശോധന സംഘവും നോക്കി നില്‍ക്കാനല്ലാതെ കൂടുതല്‍ പരിഗോധനയില്‍ ഏര്‍പ്പെടാനോ പരിശോധന സംവിധാനമോ ഇല്ലാത്തത് മുതലെടുത്ത് സംക്രയമായി കടത്ത് തുടരുകയാണ്.
Next Story

RELATED STORIES

Share it