thiruvananthapuram local

കുടിവെള്ളത്തിനായി പഞ്ചായത്ത് പടിക്കല്‍ ധര്‍ണ

കിളിമാനൂര്‍: കുടിവെള്ളം നല്‍കുന്നില്ലന്നാരോപിച്ച് പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലെ തൊളിക്കുഴി നിവാസികള്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി. മുന്നൂറിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന തൊളിക്കുഴി ചന്തക്കകത്ത് കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 8 വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ പണമടക്കാതായതോടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. ഇതോടെ കുടിവെള്ള വിതരണം തടസ്സപ്പെടുകായിരുന്നു. കടുത്ത വേനല്‍ മുന്നില്‍ കണ്ട് പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. തൊളിക്കുഴി, മിഷ്യന്‍ കുന്ന്, വട്ടലില്‍, മുണ്ടനാടി പ്രദേശങ്ങളിലെ താമസക്കാരാണ് ഗുണഭോക്താക്കള്‍.
30,000 രൂപക്കടുത്ത് കറണ്ട് ബില്ല് അടക്കാനുണ്ട്. പഞ്ചായത്ത് കറണ്ട് ബില്ല് അടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പട്ടിക ജാതി കോളനിയുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി വരുന്നത്. പിന്നീട് പൊതു വിഭാഗത്തിനും ഇതില്‍ നിന്നും കണക്ഷന്‍ നല്‍കി. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തുവെന്നും ഇന്നലെ വൈകീട്ട് ഗുണഭോക്താക്കളെ വിളിച്ചു കൂട്ടി വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇരിക്കുകയായിരുന്നു വെന്നും വാര്‍ഡ് മെംബര്‍ ജാഫര്‍ പറഞ്ഞു. അതേ സമയം ഇന്നലെ വൈകീട്ട് കൂടിയ ഗുണഭോക്താക്കളുടെ കമ്മിറ്റിയില്‍വ്യക്തമായ തീരുമാനം എടുക്കാനായില്ല.
Next Story

RELATED STORIES

Share it