കുടിവെള്ളം വാഹനങ്ങളിലെത്തിച്ച് വിതരണം ചെയ്യും

തിരുവനന്തപുരം: രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്നുണ്ടായ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനു കുടിവെള്ളം വാഹനങ്ങളിലെത്തിച്ച് വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. ജില്ലാ കലക്ടര്‍മാരായിരിക്കും നേതൃത്വം നല്‍കുക.
ജനപ്രതിനിധികളുടെ സാന്നിധ്യം ഇക്കാര്യത്തിലുണ്ടാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പെരുമാറ്റച്ചട്ടം ഉണ്ടെങ്കിലും ജനങ്ങള്‍ക്കു കുടിവെള്ളം നല്‍കാതിരിക്കാനാവില്ല. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജല, റവന്യൂ, കൃഷി മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ചൂട് കൂടിവരുന്ന സാഹചര്യം വിലയിരുത്തി. ഓരോ വകുപ്പുകളും സ്വീകരിച്ച നടപടികള്‍ റിപോര്‍ട്ട് ചെയ്തു. വരള്‍ച്ച നേരിടാന്‍ സ്വീകരിക്കുന്ന നടപടികള്‍ ചീഫ് സെക്രട്ടറി നിരീക്ഷിക്കും. പല ജില്ലകളിലും കൃഷിനാശമുണ്ടായിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭകള്‍ക്ക് തനത് ഫണ്ടുപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിഞ്ഞദിവസം അനുമതിനല്‍കിയിരുന്നു. ജില്ലാ കലക്ടര്‍മാര്‍ക്ക് ആവശ്യാനുസരണം ഫണ്ട് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it