കുടിവെള്ളം മലിനമാക്കിയതിന് കൊക്കകോല കമ്പനിക്കെതിരേ കേസ്

കുടിവെള്ളം മലിനമാക്കിയതിന്  കൊക്കകോല കമ്പനിക്കെതിരേ കേസ്
X
coca-cola-company

പാലക്കാട്: പന്ത്രണ്ടു വര്‍ഷം മുമ്പ് ആദിവാസി സമൂഹത്തിന്റെ കുടിവെള്ളം മലിനമാക്കിയെന്ന പരാതിയില്‍ പ്ലാച്ചിമടയില്‍ പ്രവര്‍ത്തിച്ചിരുന്ന ബഹുരാഷ്ട്ര കമ്പനിയായ കൊക്കകോല കമ്പനിക്കെതിരേ കേസെടുത്തു. കേന്ദ്ര പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന് പ്ലാച്ചിമട സമരസമിതി നല്‍കിയ പരാതിയില്‍ മീനാക്ഷിപുരം പോലിസാണ് കമ്പനിക്കെതിരേ കേസെടുത്തത്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമ നിയമപ്രകാരമാണ് കേസ്.
ക്രൈം നമ്പര്‍ 308/2016, ആയി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണച്ചുമതല പാലക്കാട് ഡിവൈഎസ്പി എം കെ സുല്‍ഫിക്കറിനാണ്. കൊച്ചി ആസ്ഥാനമായുള്ള കേരള റീജ്യനല്‍ ഓഫിസ്, ഫെളോയിഡ ഹെഡ് ഓഫിസ് എന്നിവയുടെ മേധാവികളെ പ്രതികളാക്കിയാണ് പുതിയ കേസ് എടുത്തിരിക്കുന്നതെന്ന് ഡി വൈഎസ്പി അറിയിച്ചു. പട്ടികജാതി വകുപ്പിന്റെ ശുപാര്‍ശകൂടി ലഭിച്ച ശേഷമായിരുന്നു നടപടി. പ്ലാച്ചിമട സ്വദേശിയും എടവാളന്‍, മലഅരയ സമുദായക്കാരുടെ പ്രതിനിധിയുമായ തങ്കവേലുവും മറ്റു ഇരുപത്തിയഞ്ചു പേരും ചേര്‍ന്നാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞ ദിവസം കേസ് നല്‍കിയത്. 2000 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലാണ് ഇവിടുത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കപ്പെട്ടത്. ഇപ്പോഴും അതിന്റെ ദോഷഫലത്തില്‍ നിന്ന് ഈ പ്രദേശം മുക്തമായിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുനിലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വസ്തുത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ മീനാക്ഷിപുരം പോലിസിന് നിര്‍ദേശം നല്‍കിയത്.
കൊക്കകോല കമ്പനി പ്ലാച്ചിമട വിട്ടെങ്കിലും പ്രദേശത്തുണ്ടായ പരിസ്ഥിതി നാശത്തിനും സാമൂഹികപ്രശ്‌നങ്ങള്‍ക്കും ഇതുവരെ നഷ്ടപരിഹാരമൊന്നും പ്രദേശവാസികള്‍ക്ക് ലഭിച്ചിട്ടില്ല. അഞ്ഞൂറോളം കുടുംബങ്ങള്‍ പ്ലാച്ചിമടയിലും വിജയനഗര്‍ കോളനിയിലുമുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ആദിവാസികളാണ്. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച പ്ലച്ചിമട സ്‌പെഷ്യല്‍ ടൈബ്യൂണല്‍ ബില്‍ തള്ളിയിരുന്നു. കൊക്കകോള കമ്പനി പ്രദേശവാസികള്‍ക്ക് 216.16 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ബില്ലില്‍ നിര്‍ദേശിച്ചിരുന്നത്. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് പ്രദേശം സന്ദര്‍ശിച്ച് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.
മാര്‍ച്ച് 2000ല്‍ കൊക്കകോല പ്ലാച്ചിമടയില്‍ ബോട്ടിലിങ് പ്ലാന്റ് ആരംഭിക്കുകയും പരിസരവാസികള്‍ക്ക് കുടിവെള്ളം ലഭിക്കാതായതോടെ 2002 ഏപ്രില്‍ 22 മുതല്‍ പ്ലാച്ചിമട ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ജല ചൂഷണത്തിനെതിരേ സമരം ആരംഭിക്കുകയും ചെയ്തു.
2003 ഡിസംബര്‍ 23ന് ഉല്‍പാദനം നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് 2004 ഫെബ്രുവരി 21ന് പ്ലാച്ചിമട ജനകീയസമിതി സമരം നിര്‍ത്തിവയ്ക്കുകയുമായിരുന്നു. എന്നാല്‍, കോടതി ഇടപെടലിലൂടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പെരുമാട്ടി പഞ്ചായത്തിന്റെ അനുമതിയില്ലെന്ന കാരണത്താല്‍ കമ്പനി പൂട്ടാന്‍ ഹൈക്കോടതി ഉത്തരവായി. 2005 ഏപ്രില്‍ 22ന് ജനകീയ റാലിയും നടത്തുകയുണ്ടായി. തുടര്‍ന്ന് കൊക്കകോല ആരോഗ്യത്തിന് ഹാനികരമാണെന്ന് കെണ്ടത്തിയതോടെ 2005 നവംബര്‍ 19ന് എന്നെന്നേക്കുമായി കമ്പനി പൂട്ടുകയും ചെയ്തു.
Next Story

RELATED STORIES

Share it