കുടിവെള്ളം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിതേടി

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളവിതരണത്തിന് അനുമതി തേടി സര്‍ക്കാര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നതു തടഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നടപടിക്കെതിരെയാണു സംസ്ഥാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം കുടിവെള്ളപ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയിലില്ലാത്തതിനാലാണു മറുപടി വൈകിയതെന്നും ഇന്ന് അനുകൂല തീരുമാനമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം വേനലില്‍ സംസ്ഥാനത്ത് കുടിവെള്ളവിതരണത്തിനു ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് 264.54 കോടി രൂപയാണ് ഈയിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഇതില്‍ 2012-13ല്‍ മാത്രമാണു വരള്‍ച്ചാബാധിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്. അതിനാല്‍, വരള്‍ച്ചാ കാലത്തു മാത്രമേ കുടിവെള്ളവിതരണം സാധ്യമാവൂവെന്ന തിരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാട് വെള്ളംകുടി മുട്ടിക്കലിനു തുല്യമാണ്.
കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണു സംസ്ഥാനങ്ങളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. കേരളത്തെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാത്ത നാലുവര്‍ഷവും വേനലില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നു. കുടിവെള്ളവിതരണത്തിന് അടിയന്തരമായി അനുമതിനല്‍കിയേ മതിയാവൂ. മാതൃകാ പെരുമാറ്റച്ചട്ടം കണക്കിലെടുത്ത് കുടിവെള്ളവിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ ജനപ്രതിനിധികള്‍ മാറിനില്‍ക്കണമെന്നും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാവണം നടപടികളെന്നും നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it