Alappuzha local

കുടിവെള്ളം കിട്ടാതെ വലഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

ഹരിപ്പാട്: കുടിവെള്ളം കിട്ടാതെ വലഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് തുറക്കാന്‍ അനുവദിക്കാതെ ഉപരോധിച്ചു. പള്ളിപ്പാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹനുമാന്തറ കോളനി നിവാസികളാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ ആരംഭിച്ച ഉപരോധം 11.30 ഓടെ നാളെ മുതല്‍ പ്രദേശത്ത് ടാങ്കറില്‍ വെള്ളമെത്തിക്കാമെന്ന് എ.ഇ ഉറപ്പ് നല്‍കിയ ശേഷമാണ് അവസാനിപ്പിച്ചത്.

കുട്ടികളും പ്രായമായവരും ഉള്‍പ്പടെ മുപ്പതോളം പേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. പഞ്ചായത്ത് ഓഫിസ് തുറക്കാന്‍ അനുവദിക്കാത്തതിനാല്‍ ഹരിപ്പാട് പോലിസ് സ്ഥലത്തെത്തിയെങ്കിലും തഹസില്‍ദാര്‍ സ്ഥലത്തെത്തി ഉറപ്പ് നല്‍കാതെ പിരിഞ്ഞ് പോകില്ലന്ന നിലപാടിലായിരുന്നു സമരക്കാര്‍. പിന്നീട് എ ഇ സുദര്‍ശനന്‍ എത്തി നാളെ മുതല്‍ ടാങ്കറില്‍ വെള്ളമെത്തിക്കാമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പൈപ്പ് ലൈനിലെ തടസ്സങ്ങള്‍ ഒഴിവാക്കി അത് വഴിയുള്ള ജലവിതരണം സുഗമമാക്കാമെന്നും ഉറപ്പ് നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. ആറ് മാസമായി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നിരവധി തവണ പഞ്ചായത്ത്, വില്ലേജ്, ജല അതോറിറ്റി ഓഫിസുകളില്‍ പരാതി പറയുകയും ഉപരോധങ്ങള്‍ സംഘടിപ്പിച്ചിട്ടും ഫലമുണ്ടായില്ല.
ഒരാഴ്ച മുമ്പ് പഞ്ചായത്തില്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ അടുത്ത ദിവസം മുതല്‍ വെള്ളമെത്തിക്കാമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പും പാലിക്കാതെ ആയതോടെയാണ് കോളനിവാസികള്‍ പഞ്ചായത്ത് തുറക്കാന്‍ അനുവദിക്കാതെ പ്രതിഷേധിച്ചത്. കോളനിയിലെ അന്‍പതോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്.
പ്രദേശത്തെ തോട്ടിലെ ജലമായിരുന്നു ഇവര്‍ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ കൃഷി ആവശ്യത്തിനായി തോട്ടിലെ വെള്ളം കര്‍ഷകര്‍ മോട്ടര്‍ ഉപയോഗിച്ച് പമ്പ് ചെയ്യാന്‍ തുടങ്ങിയതോടെ അതും ഇല്ലാതെയായി.
Next Story

RELATED STORIES

Share it