thiruvananthapuram local

കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതരെത്തി; പ്രദേശവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി ചെറുത്തു

വിതുര: കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന വിതുര പഞ്ചായത്തിലെ മുളാക്കോട്ടുക്കര നിവാസികളുടെ പ്രതിഷേധവലയം മറികടക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥരും നൂറുകണക്കിന് പോലിസും മടങ്ങി.
ഇന്നലെ രാവിലെ 11ന് കോടതി ഉത്തരവുപ്രകാരം ഈ പ്രദേശത്തെ 80ല്‍പ്പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനാണ് ഉദ്യോഗസ്ഥരും സംഘവുമെത്തിയത്. എന്നാല്‍ പ്രദേശത്തെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പോലിസിനെ കടത്താതെ മുളാക്കോട്ടുകര റോഡില്‍ കുത്തിയിരുന്നു. പോലിസ് അടുത്തെത്തിയതോടെ മണ്ണെണ്ണ ദേഹത്തൊഴിച്ച് യുവാക്കള്‍ ആത്മഹത്യക്കു ശ്രമിച്ചു. പ്രതിഷേധം ശക്തമായതോടെ പോലിസ് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട പോലിസും ഒരാഴ്ച സമയം നല്‍കി. ഇതോടെ സമരക്കാര്‍ സമരം അവസാനിപ്പിച്ചു. വസ്തുവിന് സ്റ്റേ ഓര്‍ഡര്‍ വാങ്ങാനുള്ള നടപടികളുമായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഇന്നു കോടതിയെ സമീപിക്കും. എന്നാല്‍ നിയമപരമായി വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയിലാണ് ഇപ്പോള്‍ കുടിയൊഴിപ്പിക്കല്‍ നടപടി നടക്കുന്നത്. പ്രമാണവും കരംതീര്‍ത്ത രസീതും കൈവശംസര്‍ട്ടിഫിക്കറ്റും എല്ലാം ഈ കുടുംബങ്ങള്‍ക്കുണ്ട്. വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, ബ്ലോക്ക് മെംബര്‍ വിപിന്‍, സിപിഎം നേതാവ് സഞ്ജയന്‍, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സിയാദ് തൊളിക്കോട്, എസ്ഡിപിഐ വാര്‍ഡ് മെംബര്‍ അഷ്‌കര്‍ തൊളിക്കോട് എന്നിവര്‍ സമരത്തില്‍ അണിചേര്‍ന്നു.
Next Story

RELATED STORIES

Share it