കുടിയൊഴിപ്പിക്കലിനു മുന്നില്‍ ദാദാബിലെ അഭയാര്‍ഥികള്‍

നയ്‌റോബി: കഴിഞ്ഞ 24 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജമാ അദ്ദവി കെനിയയില്‍ സോമാലിയ അതിര്‍ത്തിക്കു സമീപമുള്ള ദാദാബ് അഭയാര്‍ഥി ക്യാംപ് വിട്ടുപോവുന്നത്. നവംബറില്‍ ദാദാബ് ക്യാംപ് അടച്ചു പൂട്ടുന്നതിനു മുന്നോടിയായി കെനിയന്‍ സര്‍ക്കാര്‍ ഒഴിഞ്ഞു പോവണമെന്നാവശ്യപ്പെട്ട അഭയാര്‍ഥികളിലൊരാളാണ് അദ്ദാവെ. ഇവിടെ തുടരാന്‍ കഴിയില്ല. കെനിയ പറയുന്നത് തങ്ങള്‍ ആവശ്യമില്ലാത്ത അതിഥികളാണ്- അദ്ദാവെ പറഞ്ഞു. 3,00,000ത്തോളം അഭയാര്‍ഥികളെയാണ് ദാദാബ് ക്യാംപില്‍നിന്ന് കെനിയ ഒഴിപ്പിക്കുന്നത്. സുരക്ഷയുടെ പേരിലാണ് ഒഴിപ്പിക്കല്‍. എന്നാല്‍, ക്യാംപ് ഒഴിപ്പിച്ചാല്‍ സുരക്ഷാസ്ഥിതി മെച്ചപ്പെടും എന്നതിന് എന്തുറപ്പാണെന്ന് അഭയാര്‍ഥികള്‍ ചോദിക്കുന്നു. എന്റെ മക്കള്‍ക്ക് ദാദാബില്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നു. പക്ഷേ, സോമാലിയയില്‍ തിരിച്ചെത്തിയാല്‍ അവര്‍ എന്തു ചെയ്യും- അഭയാര്‍ഥികളിലൊരാളായ മുഹമ്മദ് ദരിയെ ചോദിച്ചു. ചിലപ്പോള്‍ അല്‍ശബാബ് പോരാളിയായി മാറലല്ലാതെ മറ്റൊരു മാര്‍ഗവും തന്റെ മകന് സോമാലിയയിലെത്തിയാലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനേകം വര്‍ഷത്തെ അധ്വാനമാണ് കെനിയയുടെ പുതിയ തീരുമാനത്തോടെ പാഴാകുന്നതെന്നും ദരിയെ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ക്യാംപ് ആസ്ഥാനമായി ഒരു സാമ്പത്തിക വ്യവസ്ഥ വളര്‍ന്നു വന്നിരുന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. നാട്ടിലുള്ള ബന്ധുക്കള്‍ക്ക് പണമയക്കുന്നതിനായി ദാദാബ് ക്യാംപില്‍ നിന്നുള്ള വരുമാനം അഭയാര്‍ഥികള്‍ ഉപയോഗിച്ചിരുന്നു. കെനിയയുടെ തീരുമാനം കാരണം ഈ വരുമാനം ഇല്ലാതാവുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it