Life Style

കുടിയൊഴിക്കല്‍

കുടിയൊഴിക്കല്‍
X
.






alliyamma

.






തേവര ഫെറി ബസ് കയറി മട്ടമ്മല്‍ ഇറങ്ങി കുറച്ചു നടന്നാല്‍ അല്ലിയമ്മയുടെ വീടായി. അല്ലിയമ്മയെ നാമറിയും. കഴിഞ്ഞ ദിവസം അവരുടെ വീടാണ് കൊച്ചി കോര്‍പറേഷന്‍ പുറംപോക്കു കൈയേറിയെന്നാരോപിച്ച് തകര്‍ത്തുകളഞ്ഞത്. വീടിരുന്ന സ്ഥലമാകെ ഇപ്പോള്‍ മണ്ണും ഇഷ്ടികക്കഷണങ്ങളുമാണ്. വീടിന്റെ അടിത്തറ വരെ കുത്തിയിളക്കി മറിച്ചിട്ടിരിക്കുന്നു. ആ അടിത്തറയില്‍ പുതിയൊരു വീടുയരരുതെന്ന് അധികാരികള്‍ക്കു നിര്‍ബന്ധമുണ്ട്. അല്ലിയമ്മയുടെ വീടു തിരഞ്ഞ് ചെല്ലുമ്പോള്‍ പുറത്ത് ഒരു ചെറുപ്പക്കാരന്‍ നില്‍പ്പുണ്ട്. പേര് വിഷ്ണു. അല്ലിയമ്മയുടെ മകള്‍ ജലജയുടെ മകന്‍. അല്ലിയമ്മയും,വിഷ്ണുവും മാത്രമാണ് ആ വീട്ടില്‍ താമസക്കാര്‍.

വിഷ്ണു അമ്മൂമ്മയെ പുറത്തേക്കു വിളിച്ചു. വിറയ്ക്കുന്ന കാല്‍വയ്പ്പുകളോടെ അല്ലിയമ്മ പുറത്തുവന്നു. 'ഒരു തരി മണ്ണിനുമുടമസ്ഥരല്ലാതെ ഒരു തുള്ളി നീരിനുടമയായ' ഒരു വൃദ്ധ. നടക്കുമ്പോള്‍ അവര്‍ ശ്വാസമെടുക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടുവെന്നു തോന്നി. കഴിഞ്ഞ ദിവസത്തെ അനുഭവം അവരെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. ഞങ്ങള്‍ അനധികൃതതാമസക്കാരല്ല. 25 കൊല്ലം മുമ്പാണ് അല്ലിയമ്മയുടേതടക്കം രണ്ടു കുടുംബങ്ങള്‍ ഇവിടെ താമസമാക്കുന്നത്.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെതായിരുന്നു സ്ഥലം. ചളി നിറഞ്ഞ ഈ സ്ഥലത്തിന്റെ കുറച്ചു ഭാഗം നികത്തി ആ രണ്ടു കുടുംബങ്ങള്‍ ഓരോ ചെറ്റപ്പുരവച്ചു. അക്കാലത്തു തന്നെ പുര പൊളിച്ചുമാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ സമീപിച്ചപ്പോള്‍ അവര്‍ താമസിക്കാന്‍ അനുവദിച്ചു. വികസനം വരുമ്പോള്‍ ഒഴിഞ്ഞുകൊടുക്കാമെന്നായിരുന്നു കരാര്‍.

''എത്രയോ കഷ്ടപ്പെട്ടിട്ടാണ് ഒരു വീടുണ്ടാക്കിയത്. വീടുണ്ടാക്കാന്‍ വേണ്ട കല്ലും മണ്ണും ഞാനും മക്കളും ചുമന്നു കൊണ്ടുവന്നതാണ്. ഞങ്ങളുടെ ചോര വിയര്‍പ്പാക്കിയുണ്ടാക്കിയ വീടാണ് അവര്‍ തകര്‍ത്തത്.'' ഓര്‍മകളില്‍ അല്ലിയമ്മയുടെ കണ്ണു നിറഞ്ഞു. അത് കണ്ടുനില്‍ക്കാനാവാതെ വിഷ്ണു പുറത്തേക്കിറങ്ങി. അന്ന് വീടുണ്ടാക്കാന്‍ 35,000 രൂപ അല്ലിയമ്മയ്ക്കു സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. ബാക്കി തുക അല്ലിയമ്മയും ഭര്‍ത്താവ് മാധവനും എവിടെ നിന്നൊക്കെയോ കടം വാങ്ങി.

ആ കടം ഇന്നും വീട്ടിയിട്ടില്ല. അല്ലിയമ്മയും കുടുംബവും അനധികൃത താമസക്കാരാണെന്നാണ് കോര്‍പറേഷന്റെ വാദം. അതുപക്ഷേ, അല്ലിയമ്മ നിഷേധിക്കുന്നു. അനധികൃത താമസക്കാരാണെങ്കില്‍ വീട്ടുനമ്പറും റേഷന്‍കാര്‍ഡും വൈദ്യുതിയും വെള്ളവും എങ്ങനെയാണ് തങ്ങള്‍ക്കു ലഭിച്ചതെന്നാണ് അവരുടെ ചോദ്യം. മാത്രമല്ല, എത്രയോ കാലമായി കെട്ടിടനികുതിയും അടച്ചുകൊണ്ടിരിക്കുന്നു.




ജന്മിത്തവും ഭൂപ്രമാണിത്തവും പോയകാലത്തിന്റെ ചിഹ്നങ്ങളാണെന്ന് നാം കരുതുന്നു. പക്ഷേ, ഇതൊക്കെ 'കുലീനമായ നുണകള്‍' മാത്രമെന്ന് നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മിപ്പിച്ചുകൊണ്ട് രണ്ടു പേര്‍- അല്ലിയമ്മയും ചിത്രലേഖയും. ഒരാള്‍, കോര്‍പറേറ്റ് ഭൂപ്രഭുത്വം കുടിയൊഴിപ്പിച്ച ഒരു സാധു വൃദ്ധ, മറ്റെയാള്‍ ജാതിമേധാവിത്തം നാടുകടത്തിയ ഒരു ദലിത് പെണ്‍കൊടി




അയല്‍വാസിക്ക് തങ്ങളോടുള്ള പകയാണ് എല്ലാത്തിനും കാരണമെന്നാണ് അല്ലിയമ്മ പറയുന്നത്. തന്റെ വീടിനോടു ചേര്‍ന്നുള്ള മൂന്നു നില കെട്ടിടത്തിലേക്ക് അവര്‍ വിരല്‍ ചൂണ്ടി. കായല്‍ കൈയേറിയാണ് അല്ലിയമ്മ വീട് വച്ചതെന്നായിരുന്നു പരാതി. എന്നാല്‍, തന്റെ വീടിനു മുകളിലേക്ക് ചാഞ്ഞ അയാളുടെ പുരയിടത്തിലെ തെങ്ങ് വെട്ടാനായി താന്‍ കൊടുത്ത പരാതിയെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് അല്ലിയമ്മ പറയുന്നു.  ''അയാള്‍ക്ക് ഞങ്ങളോട് വൈരാഗ്യമുണ്ട്. ആ കെട്ടിടമിരിക്കുന്ന സ്ഥലത്ത് നിന്ന് രണ്ടു തെങ്ങ് ഞങ്ങളുടെ വീടിന്റെ  മേല്‍ക്കൂരയിലേക്ക് ചാഞ്ഞുനിന്നിരുന്നു. തേങ്ങ വീണ് ഓടു പൊട്ടല്‍ സ്ഥിരമായപ്പോള്‍ ഞങ്ങള്‍ ഉടമയോട് പരാതിപ്പെട്ടു. അദ്ദേഹം പക്ഷേ, തെങ്ങു വെട്ടിമാറ്റാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഞങ്ങള്‍ കോര്‍പറേഷനെ സമീപിച്ചു.'' തെങ്ങ് വെട്ടിമാറ്റാന്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടതോടെയാണ് അയല്‍വാസിയുടെ പക വര്‍ധിച്ചതെന്ന കാര്യം നാട്ടുകാരും ശരിവയ്ക്കുന്നു.

2006ലാണ് അയല്‍വാസി അല്ലിയമ്മക്കെതിരേ കോര്‍പറേഷനില്‍ പരാതി കൊടുക്കുന്നത്. പരാതിയെ തുടര്‍ന്ന് പലപ്പോഴായി അധികൃതര്‍ വീടു പൊളിക്കാന്‍ ചെന്നിരുന്നത്രെ. കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു.

എങ്കിലും ഒരുതവണ വീടിന്റെ പിന്‍ഭാഗം കോര്‍പറേഷന്‍ ഇടിച്ചുനിരത്തി. വൈദ്യുതിയും വിച്ഛേദിച്ചു. ഒടുവില്‍ കലക്ടര്‍ ഇടപെട്ടാണ് വൈദ്യതിബന്ധം പുനസ്ഥാപിച്ചത്. തങ്ങളെ ഇവിടെ നിന്നു കുടിയൊഴിപ്പിക്കരുതെന്നും ഒഴിപ്പിക്കണമെങ്കില്‍ താമസിക്കാന്‍ വേറെ സൗകര്യമൊരുക്കണമെന്നും അന്നത്തെ കലക്ടര്‍ ഷെയ്ഖ് പരീത് നിര്‍ദ്ദേശം നല്‍കിയിരുന്നെന്ന് അല്ലിയമ്മ പറയുന്നു.

വീടുമായി ബന്ധപ്പെട്ട കേസ് ആ കുടുംബത്തെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തുകഴിഞ്ഞു. ഗള്‍ഫില്‍ വീട്ടുവേലക്കാരിയായ മകള്‍ക്ക് കേസ് നടത്തിപ്പിനായി മാത്രം 13 തവണ നാട്ടില്‍ വരേണ്ടിവന്നു. അത് ധാരാളം കടങ്ങള്‍ വരുത്തിവച്ചു. ഇക്കാരണങ്ങളാല്‍ മകളുടെ പാസ്‌പോര്‍ട്ട് എജന്‍സി പിടിച്ചുവച്ചിരിക്കുകയാണെന്ന് അല്ലിയമ്മ പറയുന്നു. അതു വീട്ടാതെ അവര്‍ക്കിനി നാട്ടിലേക്കു വരാനും കഴിയില്ല.
Next Story

RELATED STORIES

Share it