കുടിയേറ്റ വിവാദം: ബിജെപി എംപി മലക്കംമറിഞ്ഞു

മുസഫര്‍നഗര്‍: വര്‍ഗീയ സമ്മര്‍ദ്ദം മൂലം പടിഞ്ഞാറന്‍ യുപിയിലെ കൈരാനയില്‍ നിന്നു ഹിന്ദു കുടുംബങ്ങള്‍ ഒഴിഞ്ഞുപോയെന്ന പ്രസ്താവന നടത്തിയ ബിജെപി എംപി ഹുക്കും സിങ് മലക്കംമറിഞ്ഞു. ക്രമസമാധാന പ്രശ്‌നമാണ് കുടിയേറ്റത്തിനു കാരണമെന്നാണ് എംപിയുടെ പുതിയ കണ്ടെത്തല്‍. 500 കുടുംബങ്ങള്‍ വരെ കുടിയേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈരാന പട്ടണം വിട്ട 346 കുടുംബങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം എംപി പുറത്തുവിട്ടിരുന്നു. ശാമ്‌ലി ജില്ലയിലെ കൈരാനയില്‍ മുസ്‌ലിം ജനസംഖ്യ 85 ശതമാനമാണ്. ഇന്നലെ 63 ഹിന്ദു കുടുംബങ്ങളുടെ പട്ടികകൂടി എംപി പുറത്തുവിട്ടു. സമ്മര്‍ദ്ദം മൂലമാണിവര്‍ സ്ഥലം ഒഴിഞ്ഞതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ചില മുസ്‌ലിം കുടുംബങ്ങളും സ്ഥലം ഒഴിഞ്ഞുപോയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറ്റുള്ളവര്‍ പോയത് അവരുടെ കാര്യങ്ങള്‍ക്കു വേണ്ടിയാണെന്നായിരുന്നു എംപിയുടെ മറുപടി. ആരോ€പണങ്ങള്‍ ശാമ്‌ലി ജില്ലാ മജിസ്‌ട്രേറ്റ് സുജീത്ത് കുമാര്‍ തള്ളിയിരുന്നു. എംപി പുറത്തുവിട്ട പട്ടികയിലെ 119 കുടുംബങ്ങളെക്കുറിച്ചു അന്വേഷണം നടത്തി. അതില്‍ 15 കുടുംബങ്ങള്‍ ഇപ്പോഴും കൈരാനയില്‍ തന്നെയാണ് താമസിക്കുന്നത്. 68 കുടുംബങ്ങള്‍ 15 വര്‍ഷം മുമ്പ് ഇവിടംവിട്ട് പോയവരുമാണ്. സാമ്പത്തിക കാരണങ്ങളാലാണ് അവര്‍ സ്ഥലംവിട്ടത്. ഇതുവരെ ഒരു ക്രമസമാധാന പ്രശ്‌നവും ഇവിടെയില്ല. വര്‍ഗീയ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടക്കാറില്ല. 1992ല്‍ ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ ഈ പ്രദേശത്ത് തികച്ചും സമാധാന അന്തരീക്ഷമായിരുന്നു നിലനിന്നത്. 2013ലെ മുസഫര്‍നഗര്‍ കലാപ സമയത്തും സാഹോദര്യത്തിന്റെ സന്ദേശമാണ് ഇവിടത്തെ ജനങ്ങളില്‍ നിന്നുണ്ടായത്. കുമാര്‍ വിശദീകരിച്ചു.
അലഹാബാദിലെ ദേശീയ നിര്‍വാഹകസമിതി യോഗത്തിനെത്തിയ ബിജെപി നേതാക്കളും വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടിയെ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it