wayanad local

കുടിയേറ്റ മേഖലയുടെ പുരോഗതിക്ക് ശ്രമിക്കാതെ ആരോപണങ്ങളുന്നയിക്കുന്നത് അപഹാസ്യമെന്ന്

പുല്‍പ്പള്ളി: പുല്‍പ്പള്ളി- മുള്ളന്‍കൊല്ലി മേഖലയുടെ വികസനത്തിനും രൂക്ഷമായ വരള്‍ച്ചാ പ്രശ്‌നപരിഹാരത്തിനും നടപടികള്‍ സ്വീകരിക്കാതിരുന്ന കോണ്‍ഗ്രസ്സും യുഡിഎഫും പി കൃഷ്ണപ്രസാദിനും എല്‍ഡിഎഫിനുമെതിരേ പ്രചാരണവുമായി രംഗത്തുവരുന്നത് അപഹാസ്യമാണെന്നു എല്‍ഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് ഭരണകാലത്ത് ജില്ലയുടെ ജലസേചന-കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് സമഗ്രപദ്ധതിയാണ് നടപ്പാക്കിയത്. 1974ല്‍ ആരംഭിച്ച കാരാപ്പുഴ പദ്ധതി അഴിമതിയുടെ കൂത്തരങ്ങായി മാറ്റുകയും പണി പൂര്‍ത്തീകരിക്കാതെ നീട്ടിക്കൊണ്ടുപോവുകയും ചെയ്ത കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കുകയും പദ്ധതി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. കബനി നദീജലത്തില്‍ 21 ടിഎംസി കേരളത്തിന് അവകാശപ്പെട്ടതാണ്. ഇതു പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിനായി ചെറുതും വലുതുമായ 13 പദ്ധതികള്‍ മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ നടപ്പാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍, പിന്നീട് വന്ന സര്‍ക്കാര്‍ ഇതു നടപ്പാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
അഞ്ചു വര്‍ഷം മേഖലയുടെ വരള്‍ച്ച പ്രശ്‌നം പരിഹരിക്കുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത ജനപ്രതിനിധികളെ സംരക്ഷിക്കാനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ജില്ലയിലെത്തിയ മുഖ്യമന്ത്രി വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇതു മനസ്സിലാക്കിയ യുഡിഎഫ് നേതൃത്വം പുതിയ തന്ത്രങ്ങളുമായാണ് ഇപ്പോള്‍ രംഗത്തു വന്നിട്ടുള്ളത്. 1,850 ഏക്കര്‍ സ്ഥലത്ത് ജലസേചന സൗകര്യമൊരുക്കാന്‍ കഴിയുന്ന സീതാമൗണ്ട്- ശശിമല പദ്ധതി, തലക്കുളങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍, കബനീ ജലത്തെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ വിവിധ പദ്ധതികള്‍, കബനി തീരത്തെ ഗ്രീന്‍ബെല്‍റ്റ് നിര്‍മാണം തുടങ്ങി സമഗ്രവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പദ്ധതികള്‍ക്ക് ഇടതുമുന്നണി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കൃഷ്ണപ്രസാദ്, പി എസ് ജനാര്‍ദ്ദനന്‍, ടി എസ് ചാക്കോച്ചന്‍, എം എസ് സുരേഷ് ബാബു, പി എസ് രാമചന്ദ്രന്‍, പി എസ് വിശ്വംഭരന്‍, സജി മാത്യു പങ്കെടുത്തു.
Next Story

RELATED STORIES

Share it