കുടിയേറ്റനിയമത്തില്‍ പ്രതിഷേധം: ജാര്‍ഖണ്ഡില്‍ ബന്ദില്‍ അക്രമം; 550 പേര്‍ അറസ്റ്റില്‍

റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പുതിയ കുടിയേറ്റനിയമത്തില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ബന്ദില്‍ വ്യാപക അക്രമം. ബന്ദനുകൂലികള്‍ രണ്ടു വാഹനങ്ങള്‍ കത്തിക്കുകയും മറ്റു ചില വാഹനങ്ങള്‍ കേടുവരുത്തുകയും ചെയ്തു. അക്രമങ്ങളുമായി ബന്ധപ്പെട്ട് എംഎല്‍എ ഉള്‍പ്പെടെ 550ലേറെ പേരെ പോലിസ് അറസ്റ്റ് ചെയ്തതായി ജംഷഡ്പൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് കെ എന്‍ മിശ്ര പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ ജീവനക്കാര്‍ക്കായുള്ള ബസ്സും ദേശീയപാതയില്‍ ധംഗക്കു സമീപം ലോറിയുമാണ് അഗ്നിക്കിരയാക്കിയത്. സെറായ്‌ലേല-ഖര്‍സ്വാന്‍ ജില്ലയില്‍ മാത്രം 450 പേരെ അറസ്റ്റ് ചെയ്തു. ജെഎംഎം എംഎല്‍എ ദസ്‌റത്ത് ഗഗ്‌റായിയെയും 50 അനുകൂലികളെയും ഖര്‍സ്വാന്‍ മേഖലയില്‍നിന്നാണു പിടികൂടിയത്. ബന്ദ് വിജയവും ചരിത്രപരവുമാണെന്ന് ജെഎംഎം സീനിയര്‍ വൈസ് പ്രസിഡന്റ് ഛമ്പൈസോറന്‍ പറഞ്ഞു.
വ്യാപാര-തൊഴില്‍ ആവശ്യാര്‍ഥം 30 വര്‍ഷമോ അതില്‍ കൂടുതലോ കാലം ജാര്‍ഖണ്ഡില്‍ താമസിച്ചുവരുന്നവരെ സംസ്ഥാനത്തെ പൗരന്‍മാരായി കണക്കാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് പ്രക്ഷോഭത്തിനിടയാക്കിയത്. ആര്‍ജെഡി, സിപിഐ, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നിവരും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it