Alappuzha local

കുടിയിറക്ക് ഭീഷണിയില്‍ ഒരു കുടുംബം

അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് കുടിയിറക്ക് ഭീഷണിയില്‍ ഒരു കുടുംബം. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്മാരക സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന നീര്‍ക്കുന്നം പുതുവല്‍ അനുരുദ്ധന്റെ കുടുംബത്തിനാണ് ഇപ്പോള്‍ തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്.
നാല് മാസംമുമ്പുണ്ടായ ശക്തമായ കടലാക്രമണത്തിലാണ് അനിരുദ്ധന്റെ വീടും സ്ഥലും നഷ്ടപ്പെട്ടത്. തുടര്‍ന്ന് അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫിസില്‍ കയറിയിരുന്ന ഈ കുടുംബത്തെ തഹസീല്‍ദാര്‍, അമ്പലപ്പുഴ സി.ഐ., അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ധ്യാനസുതന്‍ എന്നിവര്‍ ഇടപെട്ടാണ് അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്മാരക സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.
അന്ന് അമ്പലപ്പുഴ ഗവ. കോളജിന്റെ നിയന്ത്രണത്തിലായിരുന്നു ഈ കെട്ടിടം. പിന്നീട് കോളജിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ട് കെഎസ്ഇബി ജീവനക്കാര്‍ ക്യാംപിലെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു.
ഗവ. കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരമാണ് വൈദ്യുതിബന്ധം വിഛേദിച്ചതെന്ന് ഇവര്‍ പറയുന്നു. ഇതോടെ ക്യാംപില്‍ വെളിച്ചവും വെള്ളവുമില്ലാത്ത സ്ഥിതിയാണ്. അനിരുദ്ധനോടൊപ്പം ഭാര്യ രാധ, മക്കളായ ആശ, നിഷ. ചെറുമകള്‍ നിമിഷ എന്നിവരും ഇപ്പോള്‍ തെരുവില്‍ ഇറങ്ങേണ്ട സ്ഥിതിയാണ്.
വികലാംഗന്‍ കൂടിയായ അനിരുദ്ധന് ഇനി കയറിക്കിടക്കാന്‍ ഇടവുമില്ല. ക്യാംപില്‍നിന്ന് മാറാന്‍ തഹസീല്‍ദാര്‍ പറഞ്ഞതായി ഇവര്‍ പറയുന്നു. ക്യാംപില്‍നിന്ന് ഇറങ്ങേണ്ടി വന്നാല്‍ എങ്ങോട്ട് പോവുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഈ കുടുംബം.
Next Story

RELATED STORIES

Share it