wayanad local

കുടിയിറക്കപ്പെട്ട എല്ലാവര്‍ക്കും ഭൂമി നല്‍കും: മുഖ്യമന്ത്രി

കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരത്തെത്തുടര്‍ന്ന് കുടിയിറക്കപ്പെട്ട പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കുന്ന ഒരേക്കര്‍ ഭൂമിയുടെ കൈവശരേഖ വിതരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റല്‍ കെട്ടിടോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മുത്തങ്ങ ഭൂസമരത്തില്‍ കുടിയിറക്കപ്പെട്ട മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ 285 പേര്‍ക്ക് ഭൂമി നല്‍കി. നൂറു പേര്‍ക്ക് അടുത്തമാസവും ബാക്കിയുള്ളവര്‍ക്ക് തുടര്‍ന്നും ഭൂമി നല്‍കും. സൗജന്യങ്ങള്‍ കൊണ്ട് ശാശ്വത നേട്ടം ആര്‍ക്കും ഉണ്ടാവില്ല. വേണ്ടതു ശാശ്വത പുരോഗതിയാണ്. അതിന് വിദ്യാഭ്യാസമാണ് വേണ്ടത്. വിദ്യാഭ്യാസം പൂര്‍ണ സംതൃപ്തി നല്‍കാത്തതാണ് സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്കിനു കാരണം. സ്‌കൂളില്‍ ചേരുന്ന ഒരു കുട്ടി പോലും കൊഴിഞ്ഞുപോവാതെ എസ്എസ്എല്‍സി വരെ എത്താന്‍ കഴിയണം. അതിന് ഹോസ്റ്റല്‍ സൗകര്യം സഹായകരമാണ്. പട്ടികവര്‍ഗ വിഭാഗത്തിന് ഹോസ്റ്റല്‍ സൗകര്യം വേണ്ടിടത്തെല്ലാം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുത്തങ്ങയില്‍ അനുവദിച്ച പോലിസ് സ്‌റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ചെക്‌പോസ്റ്റ് സമുച്ചയത്തിന് അനുമതി നല്‍കിയതായും അതിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ ക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. മുത്തങ്ങ ഭൂസമരത്തെത്തുടര്‍ന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിച്ച ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനുവിനെയും എം ഗീതാനന്ദനെയും മന്ത്രി അഭിനന്ദിച്ചു. ഭൂവിതരണത്തിന്റെ സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അനിനന്ദനമറിയിച്ചു. പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ 'സ്‌നേഹവീട്' പ്രകാരം 15,000 പേര്‍ക്ക് വീട് നല്‍കിയതായി മന്ത്രി പറഞ്ഞു. വീട് നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം 1.25 ലക്ഷം രൂപയില്‍നിന്ന് ഇപ്പോള്‍ മൂന്നര ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഒരു ലക്ഷം രൂപ വരെ വായ്പയെടുത്ത പട്ടികവര്‍ഗക്കാരുടെ വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, മാനന്തവാടി സബ് കലക്ടര്‍ ശീറാം സാംബശിവറാവു, നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി, സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുല്‍ അസീസ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ്, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി വിനീതന്‍, ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ സി ഇസ്മായില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it