കുടക് ബന്ദില്‍ വ്യാപക അക്രമം; രണ്ടുപേര്‍ മരിച്ചു

കെ സാദിഖ് ഉളിയില്‍

മടിക്കേരി: കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പുസുല്‍ത്താന്‍ ജന്മദിനാചരണത്തിനെതിരേ സംഘപരിവാരസംഘടനകള്‍ കുടക് ജില്ലയില്‍ ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക അക്രമം. സംഘര്‍ഷത്തിനിടെ വിഎച്ച്പി നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മറ്റൊരാള്‍ക്ക് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റു. വിഎച്ച്പി ജില്ലാ സെക്രട്ടറി വി ഡി കുട്ടപ്പ(50), മടിക്കേരി സ്വദേശി രാജു(50) എന്നിവരാണു മരിച്ചത്. സിദ്ധാപുരം സ്വദേശി ഷാഹുലി(25)നു നേരെ ഒരുസംഘം വെടിയുതിര്‍ത്തു.
ആഘോഷം തടയുമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശ്വഹിന്ദു പരിഷത്ത് കുടക് ജില്ലയില്‍ ഇന്നലെ ബന്ദ് ആഹ്വാനം ചെയ്തത്. മടിക്കേരിയില്‍ നൂറുകണക്കിന് സംഘപരിവാര പ്രവര്‍ത്തകര്‍ ടിപ്പു ജന്മദിനാഘോഷം നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ സംഘടിച്ചെത്തി പ്രകോപനം സൃഷ്ടിച്ചു. തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പലയിടത്തും ഇരുവിഭാഗവും മണിക്കൂറുകളോളം ഏറ്റുമുട്ടി. കുടക് എസ്പി വാത്തിക കത്യാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി അക്രമികളെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ഇതിനിടെയാണ് കുട്ടപ്പ ഓവുചാലില്‍ വീണ് മരിച്ചതെന്ന് ഐജി വി കെ സിങ് വാര്‍ത്താലേഖകരോട് പറഞ്ഞു.
അക്രമം കണ്ടു ഭയന്ന് കെട്ടിടത്തില്‍ ഓടിക്കയറവെയാണ് മടിക്കേരി സ്വദേശി രാജു താഴെ വീണു മരിച്ചത്. ടിപ്പു ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടിക്കേരിയില്‍നിന്നു സിദ്ധാപുരത്തേക്ക് പോവുകയായിരുന്ന ഷാഹുലിനു നേരെ ചെട്ടള്ളി അമ്പ്യാലയില്‍ വച്ചാണ് ഒരുസംഘം വെടിയുതിര്‍ത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോമവാര്‍പേട്ട, സുണ്ടിക്കുപ്പ, മദാപ്പൂര്‍, സൂറത്ത്കല്‍ എന്നിവിടങ്ങളിലെ കടകളും വീടുകളും ആക്രമിച്ച സംഘപരിവാര പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. മടിക്കേരി, വീരാജ്‌പേട്ട, കുശാല്‍നഗര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടപ്പയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് കുടകില്‍ വിഎച്ച്പി ബന്ദ് പ്രഖ്യാപിച്ചു. ബന്ദാഹ്വാനം കുഴപ്പം സൃഷ്ടിക്കാനായിരുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ ആരോപിച്ചു. മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it