കുഞ്ഞിന് പ്രളയത്തില്‍ രക്ഷകനായ മുസ്‌ലിം യുവാവിന്റെ പേരിട്ട് ഹിന്ദുദമ്പതികള്‍

ചെന്നൈ: നവജാത ശിശുവിന് പ്രളയത്തിലെ രക്ഷനായ മുസ്‌ലിം യുവാവിന്റെ പേരു നല്‍കി ഹിന്ദുദമ്പതികള്‍. മതവും ജാതിയും വര്‍ഗവും നോക്കാതെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന ചെന്നൈയിലാണ് മാനവ സ്‌നേഹത്തിന്റെ ഉദാത്തമാതൃക. പ്രളയം ഗുരുതരമായി ബാധിച്ച ഉരാപക്കം പ്രദേശത്തെ ചിത്രയും മോഹനനുമാണ് തങ്ങളുടെ പുതിയ കുഞ്ഞിന്, പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്ന ചിത്രയെ രക്ഷിച്ച യൂനുസ് എന്ന എംബിഎ ബിരുദധാരിയുടെ പേരിട്ടത്.
കനത്ത മഴപെയ്ത ഡിസംബര്‍ രണ്ടിനു രാത്രിയില്‍ യൂനുസ് നുങ്കംപാക്കത്തുള്ള വസതിയില്‍ നിന്നു പുറത്തിറങ്ങിയത് ഉരപ്പക്കത്തുള്ള തന്റെ സുഹൃത്തുക്കളെ പ്രളയത്തില്‍ നിന്നു രക്ഷിക്കാനായിരുന്നു.
പ്രദേശത്തെത്തിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിയ ഒരു സ്ത്രീയുടെ നിലവിളിയാണു കേട്ടത്. അടുത്തെത്തിയപ്പോഴാണ് കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിയ ചിത്ര പ്രസവവേദനയിലാണ് നിലവിളിക്കുന്നതെന്നു മനസ്സിലായത്. പിന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ബോട്ട് സംഘടിപ്പിച്ച് അവരെ ആശുപത്രിയിലെത്തിച്ചു. പെരുങ്ങലത്തൂരിലെക്കുള്ള ആ 15 മിനിറ്റ് യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് യൂനുസ് പറഞ്ഞു. കുഞ്ഞിന് തന്റെ പേരിടുന്ന സന്ദേശം മോഹനില്‍ നിന്നറിഞ്ഞപ്പോള്‍ യൂനുസ് അദ്ഭുതപ്പെടുകയായിരുന്നു. ഈ നാമകരണത്തില്‍ തങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്നാണ് മോഹന്‍ പറഞ്ഞത്. പ്രളയത്തിന്റെ ദുരിതമനുഭവിച്ച മോഹന്‍ തന്റെ ശമ്പളത്തിന്റെ പകുതി ഭാഗം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സംഭാവന ചെയ്തിട്ടുമുണ്ട്. കുഞ്ഞിനെ കാണാന്‍ ക്ഷണിച്ച മോഹനോട് യൂനുസ് പറഞ്ഞത്, താനും സുഹൃത്തുക്കളും ഇപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ്. മല്‍സ്യത്തൊഴിലാളികളടങ്ങുന്ന സംഘമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേരിട്ട കുഞ്ഞിനെ ഉടന്‍ കാണുമെന്നും കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവു മുഴുവന്‍ താന്‍ വഹിക്കുമെന്നും യൂനുസ് പറഞ്ഞു.
Next Story

RELATED STORIES

Share it