കീഴാളവിമോചനത്തിന്റെ നൂറ്റാണ്ട്

ബ്രിജ്  രഞ്ജന്‍  മണി


രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് സര്‍വകലാശാലകളിലുണ്ടായ പ്രക്ഷോഭങ്ങള്‍ ഭരണകൂടത്തിന്റെ യാതൊരു നിയന്ത്രണവുമില്ലാത്ത അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കാണു വഴിവച്ചത്്. അതു വരാനിരിക്കുന്ന ആഭ്യന്തര സമരത്തിന്റെ സൂചനയാണോ? ഈ ആഭ്യന്തര സമരം കഠിനവും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായിരിക്കും. കാരണം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍വരെ നിലനില്‍ക്കുന്ന ജാതിപീഡനം, ലിംഗത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം, ഭീകരമായ സാമ്പത്തികാസമത്വം, വ്യാപകമായി കാണുന്ന തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ പതിവു മര്യാദകളൊന്നും കണ്ടെന്നുവരില്ല. മിക്കവാറും ഈ നൂറ്റാണ്ടിലെ മേല്‍ക്കോയ്മയുള്ള പ്രക്ഷോഭമായിരിക്കുമത്. ദലിത്-ബഹുജന വിഭാഗത്തിലും സ്ത്രീകളിലും വിദ്യാര്‍ഥികളിലും ഉയര്‍ന്നുവരുന്ന പ്രതിഷേധം അതിന്റെ ലക്ഷ്യത്തിനടുത്താണ്. ജാതി നിയന്ത്രിക്കുന്നതും പുരുഷമേധാവിത്വമുള്ളതും പൂര്‍ണമായി അടച്ചുപൂട്ടിയതുമായ ഒരു ദുര്‍ഗത്തിന്റെ വാതിലുകളില്‍ വിള്ളലുകള്‍ കാണുന്നു.
കൃത്യമായി തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുവെങ്കിലും ഇന്ത്യയില്‍ പലതരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നു. 1948ല്‍ ഭരണഘടനാ നിര്‍മാണസഭയില്‍ ഡോ. അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പ് ഓര്‍മവരുകയാണ്: ''ഇന്ത്യയില്‍ ജനാധിപത്യം അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമായ മണ്ണിന്റെ മേല്‍പ്പാളി മാത്രമാണ്.''
ദലിതുകളും പിന്നാക്കവിഭാഗങ്ങളും മുസ്‌ലിംകളും മറ്റു കീഴാളവിഭാഗങ്ങളുമടങ്ങിയ മഹാഭൂരിപക്ഷം ഭരണത്തിലും നയരൂപീകരണത്തിലും പൊതുവ്യവഹാരത്തിലും ഇടംനേടാനുള്ള സമരം തുടരുന്നു. 90കളില്‍ ദലിതുകളുടെയും പിന്നാക്കജാതികളുടെയും മുസ്‌ലിംകളുടെയും  രാഷ്ട്രീയമായ മുന്നേറ്റം വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. വിദ്യാഭ്യാസം വ്യാപകമായതോടെ കീഴാളവിഭാഗങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ അവബോധമുണ്ടായി. അതോടെ ഭരണവര്‍ഗം അവരുടെ തന്ത്രങ്ങള്‍ മാറ്റി. മണ്ഡല്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ കീഴാള ഭൂരിപക്ഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന പ്രതീതിയുളവാക്കി. എന്നാല്‍, ദലിത്-പിന്നാക്ക ജാതിനേതാക്കളുടെ കടുത്ത അവസരവാദവും അധികാരമോഹവും ആ പ്രതീക്ഷ പെട്ടെന്ന് തല്ലിക്കെടുത്തി. അങ്ങനെയാണ് കോണ്‍ഗ്രസ്സിനേക്കാള്‍ ബ്രാഹ്മണമേധാവിത്വവും വര്‍ഗീയതയുമുള്ള ബിജെപി മുഖ്യ കക്ഷിയായി വളരുന്നത്. സാമ്പത്തികവ്യവസ്ഥ കോര്‍പറേറ്റുകള്‍ കൈയിലെടുക്കുകയും യാഥാസ്ഥിതിക സാമൂഹിക വിഭാഗങ്ങള്‍ ഏകോപിക്കുകയും ചെയ്തത് ബിജെപിക്കു ഗുണം ചെയ്തു. മുന്‍ ആര്‍എസ്എസ് പ്രചാരകാണ് ഇപ്പോള്‍ പ്രധാനമന്ത്രി. ഹിന്ദുത്വവര്‍ഗീയത എന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഹ്മണപ്രസ്ഥാനമാണു ബിജെപി. ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ വിഷം നിറഞ്ഞ ഈ രാഷ്ട്രീയത്തെ വെറുക്കുന്നു. രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും അറിവിലും തങ്ങള്‍ക്കുള്ള സ്വയംഭരണം അവര്‍ പ്രഖ്യാപിക്കുന്നു. സര്‍വകലാശാലകള്‍ ക്ഷോഭിക്കുന്നതിനു കാരണമിതാണ്.
സര്‍വകലാശാലകളില്‍ സമീപകാലത്തായി സുപ്രധാനമായ ചില മാറ്റങ്ങള്‍ കാണുന്നു. തൊഴിലാളിവര്‍ഗത്തില്‍നിന്നും ഗ്രാമപ്രദേശങ്ങളില്‍നിന്നും ദാരിദ്ര്യവും പീഡനവും അനുഭവിച്ച ഒട്ടേറെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിക്കൊണ്ടിരിക്കുന്നു. ജെഎന്‍യുവിലും ഹൈദരാബാദിലും അതാണ് കാണുന്നത്. കനയ്യകുമാറിനും രോഹിത് വെമുലയ്ക്കും പ്രവേശനം നിഷേധിച്ച സര്‍വകലാശാലകള്‍ ഇപ്പോള്‍ അവര്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നു. അതിനനുസരിച്ച് വിദ്യാര്‍ഥി രാഷ്ട്രീയവും പഠനരീതിയും മാറുന്നു.
സംവാദങ്ങള്‍ക്ക് തീ പകരുന്നത് ആ മാറ്റമാണ്. ചെന്നൈ ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ പതിവുരീതി വിട്ട് പരിസ്ഥിതി, ജാതിവിവേചനം എന്നിവ ചര്‍ച്ചചെയ്യാന്‍ തുടങ്ങി. 2015ല്‍ സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം ഐഐടി മാനേജ്‌മെന്റ് നിരോധിച്ചു. ദേശീയതലത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് നിരോധനം അവര്‍ പിന്‍വലിച്ചത്.
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കാംപസില്‍ വളരെ സജീവമായിരുന്നു. അതുപോലെ ജെഎന്‍യുവില്‍ ബിര്‍സ മണ്ട-അംബേദ്കര്‍-ഫുലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പരമ്പരാഗത ഇടതുപക്ഷം അഭിമുഖീകരിക്കാന്‍ മടിക്കുന്ന വിഷയങ്ങള്‍ പുറത്തേക്കു വലിച്ചിട്ടു. (ബിഹാര്‍-ജാര്‍ഖണ്ഡ് മേഖലയില്‍ ഗോത്രവര്‍ഗക്കാരുടെ മോചനത്തിനായി പ്രവര്‍ത്തിച്ച വിപ്ലവകാരിയായിരുന്നു മണ്ട). മുംബൈ സര്‍വകലാശാലയിലും പൂനെയിലെ സാവിത്രിഭായി ഫുലേ സര്‍വകലാശാലയിലും അതുപോലെയുള്ള പ്രവണതകള്‍ ഉയര്‍ന്നുവന്നു.
അതിലൊക്കെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പങ്കാളിത്തമുണ്ടായിരുന്നു എന്നതുതന്നെ സാമൂഹികമാറ്റങ്ങളുടെ സൂചനയായി കണക്കാക്കാം. പുരുഷമേധാവിത്വത്തിന്റെ മനുഷ്യത്വരഹിതമായ സമീപനം ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്നത് അവരെയാണ്. അവരില്‍ പലരും യൂനിയന്‍ ഇലക്ഷനില്‍ പങ്കെടുത്ത് വിജയം വരിച്ചു. അലഹബാദിലെ റിച്ചാസിങ് സാമൂഹിക-ലിംഗ സമത്വത്തിനുവേണ്ടി നിലകൊള്ളുന്നതിനാല്‍ ഹിന്ദുത്വരുടെ ശത്രുവാണ്. ഡല്‍ഹിയിലെ ചില കോളജുകളില്‍ ഒരുവര്‍ഷം മുമ്പാണ് വിദ്യാര്‍ഥിനികള്‍ കര്‍ക്കശമായ ഹോസ്റ്റല്‍ ചട്ടങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചത്.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പുതിയ ദലിത്-ബഹുജന്‍-നവ മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ ജാതിമേല്‍ക്കോയ്മയ്ക്കും ബ്രാഹ്മണിസത്തിനും ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനുമെതിരേ പ്രതിഷേധിക്കുക മാത്രമല്ല, തങ്ങളുടെ പ്രതിഷേധം സ്വന്തം കുടുംബങ്ങളിലും സമുദായങ്ങളിലുമുള്ള വ്യത്യസ്ത സമരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ജാതി, സംസ്‌കാരം, ചരിത്രം, സാമൂഹിക പരിവര്‍ത്തനം തുടങ്ങിയ സ്‌ഫോടനാത്മകമായ വിഷയങ്ങള്‍ അവര്‍ വീണ്ടും മുമ്പോട്ടുവയ്ക്കുന്നു. ഉയര്‍ന്ന ജാതികളില്‍നിന്നു വരുന്ന മാര്‍ക്‌സിസ്റ്റ് അനുകൂലികളായ വിദ്യാര്‍ഥികളോട് അവര്‍ ബ്രാഹ്മണിസത്തിനും അവരുടെ ജാതീയമായ മുന്‍ധാരണകള്‍ക്കുമെതിരേ സമരം പ്രഖ്യാപിച്ചുവേണം തങ്ങളുമായി കൈകോര്‍ക്കാന്‍ എന്നു പറയുന്നു. പരമ്പരാഗത ഇടതുപക്ഷ സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ പലരും ദലിത്-ബഹുജന വിഭാഗങ്ങള്‍ പ്രശ്‌ന വല്‍ക്കരിക്കുന്ന ഈ ചിന്തകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്. പഴയമട്ടില്‍ സാമ്പത്തിക ഘടകങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ട് സാമൂഹികവിഭാഗങ്ങള്‍ നിര്‍വചിക്കാന്‍ പറ്റില്ല എന്നവര്‍ സമ്മതിക്കുന്നു. ജാതി, പുരുഷമേല്‍ക്കോയ്മ തുടങ്ങിയ പരമ്പരാഗത സാമൂഹികശ്രേണികള്‍ ഉല്‍പാദനബന്ധങ്ങള്‍ മാത്രം വച്ചുകൊണ്ട് നിര്‍ണയിക്കാന്‍ സാധ്യമല്ലെന്നും അവര്‍ അംഗീകരിക്കുന്നു.
ദലിത്-ബഹുജന്‍-നവീന ഇടതുപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന കുഴമറിച്ചിലിന്റെ ഫലമായിട്ടാണ് ഒരേ കൂട്ടര്‍ ജയ്ഭീം, ലാല്‍സലാം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത്. അംബേദ്കര്‍ വെറുമൊരു ദലിത് വിമോചകന്‍ എന്ന നിലയില്‍നിന്ന് പലതരം പ്രതിരോധങ്ങളുടെ പ്രതീകമാവുന്നു. ഹിന്ദുത്വശക്തികള്‍ അത് ബ്രാഹ്മണ മേധാവിത്വ രാഷ്ട്രീയത്തിനെതിരാണെന്നു മനസ്സിലാക്കിയിട്ടുണ്ട്. ബ്രാഹ്മണ പാരമ്പര്യത്തിന്റെ നിര്‍മിതിയായ ചരിത്രത്തിലെ മിത്തുകള്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തു. അവര്‍ ധര്‍മശാസ്ത്രങ്ങളെയും മനുസ്മൃതിയെയും തിരസ്‌കരിച്ചു. മഹിഷാസുരന്റെ രക്തസാക്ഷിത്വം ആചരിച്ചു. സംഘപരിവാരത്തെ ഇതൊക്കെ വളരെ പ്രകോപിപ്പിച്ചിട്ടുണ്ട്. അവര്‍ എബിവിപി വിദ്യാര്‍ഥികളോട് ഈ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാനും പ്രതികരിക്കാനും ഉത്തരവിട്ടത് അതുകൊണ്ടാണ്. എബിവിപിക്കാര്‍ കാംപസുകളില്‍ വ്യത്യസ്ത വീക്ഷണങ്ങളുള്ളവരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
ഡല്‍ഹിയില്‍ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരേ പോലിസ് നീങ്ങിയത് എബിവിപി പ്രവര്‍ത്തകര്‍ പരാതി നല്‍കിയപ്പോഴാണ്. ചെന്നൈ ഐഐടിയിലും ഹൈദരാബാദിലും നടന്നതും അതുതന്നെയായിരുന്നു.   ി

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it