World

കിഴക്കന്‍ ജറുസലേം; കുടിയേറ്റക്കാര്‍ക്ക് ഇസ്രായേല്‍ കൂടുതല്‍ വീടുകള്‍ അനുവദിച്ചു

ജറുസലേം: അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ ജൂത കുടിയേറ്റക്കാര്‍ക്ക് 82 പുതിയ വീടുകള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കി.
കുടിയേറ്റത്തെ എതിര്‍ക്കുന്ന ഇസ്രായേലി എന്‍ജിഒ ഇര്‍ അമിം ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഷുവാഫതിനടുത്ത് റാമത്ത് ഷ്‌ളോമോയിലാണ് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. 82 വീടുകള്‍ ഉള്‍പ്പെടുന്ന രണ്ടു കെട്ടിടങ്ങള്‍ക്കാണ് അനുമതി. മേഖലയില്‍ 15,000ലധികം ജൂത കുടിയേറ്റക്കാരുടെ താമസസ്ഥലങ്ങളാണുള്ളത്.
2010ല്‍ കുടിയേറ്റ മേഖലയില്‍ 1600ഓളം വീടുകള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി 2014ല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 1000 വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി. അന്താരാഷ്ട്ര നിയമമനുസരിച്ച് ഇത് ഫലസ്തീന്‍ മേഖലയില്‍ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റമാണ്. കുടിയേറ്റമേഖലയില്‍ സംഘര്‍ഷം പതിവാണ്.
കഴിഞ്ഞയാഴ്ച പാരീസില്‍ വച്ച് അറബ് ലീഗ്, യൂറോപ്യന്‍ യൂനിയന്‍, യുഎന്‍ പ്രതിനിധികളും 28 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇസ്രായേല്‍ ഫലസ്തീന്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു.
ചര്‍ച്ചയില്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുന്നതായും കുടിയേറ്റക്കാര്‍ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതായും സമിതി വിലയിരുത്തിയിരുന്നു.
Next Story

RELATED STORIES

Share it