കിരീടമുറപ്പിച്ച് കേരളം

കോഴിക്കോട്: ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന 61ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് കൊടിയിറങ്ങാന്‍ ഒരുദിനം ശേഷിക്കെ ആതിഥേയരായ കേരളം കിരീടമുറപ്പിച്ചു. ട്രാക്കിലും ഫീല്‍ഡിലുമായി നാലു ദിവസത്തെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമടക്കം 220 പോയിന്റോടെ കേരളം 19ാം കിരീടത്തിലേക്ക് കുതിക്കുകയാണ്. ആറ് സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവുമടക്കം 73 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാമതും ആറ് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 63 പോയിന്റുമായി തമിഴ്‌നാട് മൂന്നാംസ്ഥാനത്തുമാണ്.
എട്ട് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മലയാളിതാരങ്ങള്‍ ഇന്നലെ നേടിയത്. ആറുപേര്‍ പുതിയ റെക്കോഡുകള്‍ സ്ഥാപിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എന്‍ പി സംഗീതയാണ് വെള്ളിമെഡലോടെ പുതിയ ദേശീയ റെക്കോഡിന് അര്‍ഹയായ ഏക മലയാളിതാരം.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ ഡല്‍ഹിയുടെ ദേവേഷ്, പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ മഹാരാഷ്ട്രയുടെ ബംഹാനെ തായ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഡല്‍ഹിയുടെ ഹര്‍ഷിത ഷെഹ്‌റാവത്ത്, വെള്ളി നേടിയ കേന്ദ്രീയ വിദ്യാലയത്തിനു വേണ്ടി മല്‍സരിച്ച മലയാളി താരം എം മേധ എന്നിവരും ഇന്നലെ റെക്കോഡിട്ടു. കായികമേളയുടെ അവസാനദിനമായ ഇന്ന് 29 ഫൈനലുകളാണുള്ളത്.
Next Story

RELATED STORIES

Share it