kannur local

കിരീടത്തിനായി ഒപ്പത്തിനൊപ്പം

ലിഗേഷ് വി സുബ്രഹ്മണ്യന്‍ 

കണ്ണൂര്‍: അഭിനയമികവിന്റെയും താളപ്പെരുമയുടെയും നാളുകള്‍ക്ക് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ കിരിടം ചൂടാന്‍ തീപാറും പോരാട്ടം. മേളയുടെ നാലാംദിനത്തില്‍ ഉപജില്ലകള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്.
ഏതുനിമിഷവും മാറിമറിയാവുന്ന അവസ്ഥയിലാണ് പോയിന്റുനിലയുള്ളത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആകെയുള്ള 105 ഇനങ്ങളില്‍ 81 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇരിട്ടി ഉപജില്ല അപ്രതീക്ഷിത കുതിപ്പോടെ ഒന്നാം സ്ഥാനത്തെത്തി. ഇരിട്ടിക്ക് 286 പോയിന്റ് ലഭിച്ചപ്പോള്‍ മൂന്നു ദിവസങ്ങളിലും ഒന്നാംസ്ഥാനത്ത് തുടര്‍ന്ന കണ്ണൂര്‍ ഉപജില്ല 283 പോയിന്റോടെ തൊട്ടടുത്തുണ്ട്. 266 പോയിന്റ് നേടിയ തലശ്ശേരി സൗത്താണ് മൂന്നാമതുള്ളത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പയ്യന്നൂര്‍ ഉപജില്ല തന്നെയാണു മുന്നേറുന്നത്. പയ്യന്നൂരിനു 257 പോയിന്റുകള്‍ ലഭിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തുള്ള കണ്ണൂര്‍ നോര്‍ത്തിനു 248 പോയിന്റുകളുണ്ട്. 219 പോയിന്റോടെ കണ്ണൂര്‍ സൗത്താണു മൂന്നാം സ്ഥാനത്തുള്ളത്. യുപി വിഭാഗത്തിവും പൊരിഞ്ഞ പോരാട്ടമാണ്. മാടായി ഉപജില്ലയ്ക്ക് 122ഉം പയ്യന്നൂരിന് 119ഉം പാനൂരിനു 117ഉം പോയിന്റുകളാണു ലഭിച്ചിട്ടുള്ളത്. യുപി സംസ്‌കൃതോല്‍സവത്തില്‍ തളിപ്പറമ്പ് സൗത്തും പയ്യന്നൂരും 66 വീതം പോയിന്റുകളുമായി മുന്നേറുകയാണ്.
64 വീതം പോയിന്റുകളുമായി തളിപ്പറമ്പ് നോര്‍ത്ത്, തലശ്ശേരി നോര്‍ത്ത് ഉപജില്ലകളാണ് തൊട്ടടുത്തുള്ളത്. എച്ച്എസ് സംസ്‌കൃതോല്‍സവത്തില്‍ 68 പോയിന്റോടെ മട്ടന്നൂരാണ് മുന്നേറുന്നത്. 61 പോയിന്റോടെ കണ്ണൂര്‍ സൗത്താണ് രണ്ടാം സ്ഥാനത്തുള്ളത്.
യുപി അറബിക് കലോല്‍സവത്തില്‍ 55 പോയിന്റോടെ പാനൂര്‍ മുന്നിലാണ്. 53 വീതം പോയിന്റുകള്‍ നേടിയ മട്ടന്നൂര്‍, ചൊക്ലി ഉപജില്ലകളാണ് തൊട്ടടുത്തുള്ളത്. ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോല്‍സവത്തില്‍ 73 പോയിന്റുകളോടെ മാടായി, പാനൂര്‍ ഉപജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്.
Next Story

RELATED STORIES

Share it