കിട്ടാക്കടം തിരിച്ച് പിടിക്കാന്‍ ബാങ്കുകളെ ശക്തമാക്കും: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കേന്ദ്രം ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നു. ഇതിനായി ബാങ്കുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ബാങ്കുകളുടെ ശാക്തീകരണ നടപടികളുടെ ഭാഗമായി നിയമം പുനപ്പരിശോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. കിട്ടാക്കടം പിടിച്ചെടുക്കുന്നതോടെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വായ്പകള്‍ ഉള്‍പ്പെടെയുള്ള കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകള്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കണം. ഇതിനുവേണ്ട നടപടികള്‍ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സപ്തംബറിലെ കണക്കുപ്രകാരം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ആകെ കിട്ടാക്കടം 3.01 ലക്ഷം കോടി രൂപയാണ്. ബാങ്കുകളുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തില്‍ ഇത്തരം കടങ്ങള്‍ വളര്‍ന്നതായും ആസ്തി പരിശോധനയില്‍ മനസ്സിലായെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞിരുന്നു.
ബാങ്കുകളുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി. രാജ്യത്തെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it