Idukki local

കിടപ്പു രോഗികളുമായി സ്ഥലവാസികളുടെ സത്യഗ്രഹ സമരം

വണ്ടിപ്പെരിയാര്‍: സ്വകാര്യ എസ്റ്റേറ്റിലൂടെയുള്ള വഴി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്ഥലവാസികള്‍ എസ്റ്റേറ്റ് കൊളുന്ത് പുരയില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. കരടിക്കുഴി നാല്‍പ്പത്തൊന്നുകുഴി നിവാസികളാണ് സ്വകാര്യ എസ്റ്റേറ്റിനെതിരെ സത്യഗ്രഹ സമരം ചെയ്യുന്നത്. ബുധനാഴ്ച രാവിലെ മുതലാണ് സത്യാഗ്രഹ സമരം ആരംഭിച്ചത്.
ദേശീയ പാത 183ലെ കരടിക്കുഴിയില്‍ നിന്നും നാലു കിലോ മീറ്റര്‍ ഉള്ളിലുള്ള സ്ഥലമാണ് നാല്‍പ്പത്തൊന്നുകുഴി. സ്വകാര്യ തേയില തോട്ടവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഇത്. ഇരുപത്തി അഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എസ്റ്റേറ്റ് ഉടമകള്‍ കാല്‍ നടയ്ക്കുള്ള സൗകര്യം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രായമായ രോഗികള്‍ ഉള്ളതിനാല്‍ ചികില്‍സാ സൗകര്യത്തിനായി റോഡ് വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
രണ്ട് വര്‍ഷം മുന്‍പ് പ്രദേശവാസികള്‍ റോഡ് വെട്ടല്‍ ആരംഭിച്ചു. 800 മീറ്ററോളം സ്വന്തം സ്ഥലം വിട്ട് കൊടുത്ത് റോഡ് വെട്ടിയെങ്കിലും എസ്റ്റേറ്റുമായുള്ള അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തെ റോഡ് നിര്‍മാണം ആരംഭിച്ചപ്പോള്‍ എസ്റ്റേറ്റ് ഉടമകള്‍ ഇതിനെതിരെ രംഗത്തു വന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കൊളുന്ത് വെട്ടി നശിപ്പിച്ചതായി പരാതി പോലിസില്‍ നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റോപ്പ് മെമ്മോയും സംഘടിപ്പിച്ചു.
ഇതിനെ തുടര്‍ന്ന് എസ്റ്റേറ്റ് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് എസ്റ്റേറ്റ് ഉടമകള്‍ വേലി കെട്ടി തിരിച്ചു. കാല്‍ നടയ്ക്കുള്ള സൗകര്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ കിടപ്പു രോഗികളെയും മറ്റും ആശുപത്രിയില്‍ കൊണ്ടു പോവണമെങ്കില്‍ തലച്ചുമടായി ചുമന്നു കൊണ്ട് വേണം പോകാന്‍. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. റോഡിനെ കുറിച്ച് പല തവണ എസ്റ്റേറ്റ് മാനേജുമെന്റുമായി നിരന്തരം ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസികള്‍ കിടപ്പ് രോഗികളെ ചുമന്ന് കൊണ്ടുവന്ന് കൊളുന്തുപുരയില്‍ താമസമാക്കി സത്യാഗ്രഹ സമരം ആരംഭിച്ചത്.
രോഗികളെയുമായി ഒരു ഓട്ടോ റിക്ഷാ പോവാനുള്ള വഴി മാത്രം നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ് പറയുന്നത്. പകരം മറ്റ് വഴികള്‍ നല്‍കാന്‍ കമ്പനി തയ്യാറാണെങ്കിലും പ്രദേശവാസികള്‍ ഇതിനോട് വിയോജിക്കുന്നു.
Next Story

RELATED STORIES

Share it