കിങ് ആവാന്‍ ബാഴ്‌സ

യോക്കോഹാമ: യൂറോപ്യന്‍ ചാംപ്യന്‍ പട്ടത്തിനു പിറകെ ലോകത്തിലെ തന്നെ കിങാവാനുറച്ച് സ്പാനിഷ് ഗ്ലാമര്‍ ടീം ബാഴ്‌സലോണ ഇന്നു കളത്തില്‍. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ കലാശക്കളിയില്‍ ബാഴ്‌സ ഇന്ന് ലാറ്റിനമേരിക്കന്‍ ജേതാക്കളും അര്‍ജന്റീനയിലെ കരുത്തുറ്റ ടീമുകളിലൊന്നായ റിവര്‍പ്ലേറ്റുമായി പോരടിക്കും. ലൂസേഴ്‌സ് ഫൈനലില്‍ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളും ചൈനീസ് ടീമുമായ ഗ്വാങ്ഷു എവര്‍ഗ്രാന്റെ ജപ്പാനീസ് ലീഗ് വിജയികളായ സാന്‍ഫ്രെസ് ഹിരോഷിമയെ നേരിടും.
യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സ നേരിട്ടു സെമി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. രണ്ടാം സെമിയില്‍ ബ്രസീലിന്റെ ഇതിഹാസ കോച്ച് ലൂയിസ് ഫെലിപ് സ്‌കൊളാരി പരിശീലിപ്പിക്കുന്ന ഗ്വാങ്ഷുവിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് ബാഴ്‌സ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. ഉറു ഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാറസിന്റെ ഹാട്രിക്കാണ് ബാഴ്‌സയ്ക്ക് അനായാസ ജയമൊരുക്കിയത്.
എന്നാല്‍ ആദ്യ സെമിയില്‍ സാന്‍ഫ്രെസ് ഹിരോഷിമയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റിവര്‍പ്ലേറ്റ് മറികടന്നത്.
രണ്ടു തവണ ക്ലബ്ബ് ലോകകിരീടത്തില്‍ മുത്തമിട്ട ബാഴ്‌സയ്ക്ക് ഇന്ന് ചാംപ്യന്‍മാരാവാന്‍ സാധിച്ചാല്‍ കൂടുതല്‍ തവണ വിജയികളായ ടീമെന്ന റെക്കോഡിന് അര്‍ഹരാവാം. നിലവില്‍ രണ്ടു ട്രോഫികളുമായി ബ്രസീലിയന്‍ ടീം കൊറിന്ത്യന്‍സിനൊപ്പം റെക്കോഡ് പങ്കിടുകയാണ് ബാഴ്‌സ. 2009, 11 വര്‍ഷങ്ങളിലാണ് ബാഴ്‌സ ക്ലബ്ബ് ലോകകപ്പില്‍ വെന്നിക്കൊടി നാട്ടിയത്. എന്നാല്‍ റിവര്‍പ്ലേറ്റിന് ഇതു കന്നി ഫൈനലാണ്.
അസുഖത്തെത്തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്നു ബാഴ്‌സയ്ക്കായി കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. സെമിയിലും താരം കളിച്ചിരുന്നില്ല. എന്നാല്‍ പരിക്കുമൂലം സെമിയില്‍ നിന്നു വിട്ടുനിന്ന ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മ ര്‍ ബാഴ്‌സ നിരയില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
മിന്നുന്ന ഫോമിലുള്ള സുവാറസിനൊപ്പം നെയ്മറും മടങ്ങിയെത്തുന്നതോടെ റിവര്‍പ്ലേറ്റിന്റെ നില കൂടുതല്‍ പരുങ്ങലിലാവും. നെയ്മറുടെ തിരിച്ചുവരവൊഴിച്ചാല്‍ സെമിയില്‍ കളിച്ച ബാഴ്‌സ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവാനിടയില്ല.
സാധ്യതാ ലൈനപ്പ്
ബാഴ്‌സലോണ: ബ്രാവോ, ആല്‍വസ്, പിക്വെ, മഷെറാനോ, ആല്‍ബ, റാക്കിറ്റിച്ച്, ബുസ്‌ക്വെറ്റ്‌സ്, ഇനിയേസ്റ്റ, റോ ബര്‍ട്ടോ, സുവാറസ്, നെയ്മര്‍.
റിവര്‍പ്ലേറ്റ്: ബറോവെറോ, മെര്‍സഡോ, മെയ്ദാന, ബലാന്റ, വാന്‍ജിയോനി, സാഞ്ചസ്, ക്രെയ്ന്‍വിറ്റെര്‍, പോന്‍സിയോ, മയാദ, മോറ, അലാറിയോ.
Next Story

RELATED STORIES

Share it