kasaragod local

കാസര്‍കോട് വികസന പാക്കേജ്: നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം: ചീഫ് സെക്രട്ടറി

കാസര്‍കോട്: ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ഗവ. ചീഫ് സെക്രട്ടറി പി കെ മൊഹന്തി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
2013-14, 2014-15, 2015-16 വരെയുള്ള എല്ലാ പദ്ധതികളുടേയും പുരോഗതി യോഗം അവലോകനം ചെയ്തു. യോഗത്തില്‍ എല്ലാ വകുപ്പുകളുടേയും തലവന്‍മാരും ജില്ലയിലെ പദ്ധതി നടത്തിപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. 185 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി ഇതുവരെ അനുവദിച്ചിട്ടുള്ളത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടങ്ങളുടേയും ആശുപത്രികളുടേയും വൈദ്യുതീകരണം വൈകുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.
പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നത് മൂലമാണ് പദ്ധതി വൈകുന്നതെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 11,130 കോടിയുടെ വികസന പദ്ധതികളാണ് പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്.
എന്നാല്‍ പദ്ധതിക്കായി 2013-14 സാമ്പത്തിക വര്‍ഷം 25 കോടിയും 2014-15 സാമ്പത്തിക വര്‍ഷം 75 കോടി രൂപയും 2015-16 സാമ്പത്തിക വര്‍ഷം 85 കോടിയും അടക്കം 185 കോടിയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. 2013-14 കാലയളവില്‍ 25 പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
2014-15ല്‍ അനുവദിച്ച 26 എണ്ണത്തില്‍ ആറെണ്ണവും പൂര്‍ത്തിയായി. 2015-16ല്‍ 85 പദ്ധതികളാണ് അനുവദിച്ചിരുന്നത്. ഇതില്‍ നാലെണ്ണം മാത്രമാണ് പൂര്‍ത്തിയാക്കിയത്. ജിഎച്ച്എസ്എസ് പാണത്തൂര്‍, ജിഎച്ച്എസ്എസ് തയ്യേനി, ജിഎച്ച്എസ്എസ് ചാമുണ്ഡികുന്ന്, ജിഎച്ച്എസ്എസ് ബായാര്‍, ജിഎച്ച്എസ്എസ് ഉദ്യാവര്‍, ജിഎച്ച്എസ്എസ് മൂടംബയല്‍, ജിഎച്ച്എസ്എസ് മുന്നാട്, ജിഎച്ച്എസ്എസ് കടമ്പാര്‍, ജിഎച്ച്എസ് കൊടിയമ്മ, ജിഎച്ച്എസ് പെരുമ്പട്ട, ജിഎച്ച്എസ്എസ് പെര്‍ഡാല, ജിഎച്ച്എസ് കൊളത്തൂര്‍, ജിഎച്ച്എസ് ബങ്കര മഞ്ചേശ്വരം, ജിഎച്ച്എസ്എസ് ഹേരൂര്‍ മീപ്പിരി, ജിഎച്ച്എസ്എസ് ചെര്‍ക്കള സെന്‍ട്രല്‍ എന്നിവയ്ക്ക് കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വൈദ്യുതീകരണം നടത്തിയിട്ടില്ല. മൊഗ്രാല്‍പുത്തൂര്‍ പിഎച്ച്എസിയുടെ വൈദ്യുതീകരണവും പൂര്‍ത്തിയാക്കിയിട്ടില്ല.
കള്ളാര്‍ പാലം (25 കോടി), ചെറുപുഴ വള്ളിക്കടവ് റോഡ് (മൂന്ന് കോടി), നന്ദാരപദവ്-പെര്‍ള റോഡ് (മൂന്ന് കോടി), 110 കെവി ലൈന്‍ തൗഡുഗോളി-മൈലാട്ടി (3.75 കോടി), തിരുമുമ്പ് സ്മാരക കാര്‍ഷിക ഗവേഷണ കേന്ദ്രം (25 ലക്ഷം), ജില്ലാ ആശുപത്രി സിടി സ്‌കാന്‍ (രണ്ട് കോടി), കോയിപ്പാടി തീരദേശ റോഡ് (60 ലക്ഷം), കമ്പാര്‍ ജിഎല്‍പി സ്‌കൂള്‍-മൈതാനപ്പള്ളി പുഴക്കര റോഡ് (32 ലക്ഷം), ചാമ്പലം-അക്കരങ്കര കടവ് തീരദേശ റോഡ് (35 ലക്ഷം), പത്വാടി ചെക്ക് ഡാം (അഞ്ച് കോടി), കൊട്ടമെടല്‍-പയ്യങ്ങാനം റോഡ് (30 ലക്ഷം), കാസര്‍കോട് നഗരസഭയിലെ സിവ്യൂ പാര്‍ക്ക് പുനരുദ്ധാരണം (25 ലക്ഷം), ഗവ. കോളജില്‍ യക്ഷഗാന പഠനകേന്ദ്രം (അഞ്ച് ലക്ഷം) എന്നീ പദ്ധതികളാണ് പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ പൂര്‍ത്തിയായിട്ടുള്ളത്.
പൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടങ്ങളും ആരോഗ്യ കേന്ദ്രങ്ങളും വൈദ്യുതീകരിച്ച് ഉടന്‍ തുറന്നുനല്‍കാന്‍ വൈദ്യുതി ഇലക്ട്രിക്കല്‍ വിങിന് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it