കാസര്‍കോട് : രാഷ്ട്രീയസമവാക്യം മാറ്റാന്‍ മുന്നണികള്‍; പഴുതു തേടി എന്‍ഡിഎ

കാസര്‍കോട് : രാഷ്ട്രീയസമവാക്യം മാറ്റാന്‍ മുന്നണികള്‍;  പഴുതു തേടി എന്‍ഡിഎ
X
k

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ മഞ്ചേശ്വരം, കാസര്‍കോട് യുഡിഎഫും ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എല്‍ഡിഎഫുമാണ് കൈവശം വയ്ക്കുന്നത്. സിറ്റിങ് എംഎല്‍എമാരില്‍ നാലുപേര്‍ വീണ്ടും ജനവിധി തേടുന്നുണ്ട്. 46 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുള്ളത്.
മഞ്ചേശ്വരം: ബിജെപി ഏറെ പ്രതീക്ഷയോടെ മല്‍സരിക്കുന്ന മഞ്ചേശ്വരത്ത് അവസാന റൗണ്ടില്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ പിബി അബ്ദുല്‍ റസാഖിന്റെ ക്യാംപില്‍ ഏറെ പ്രതീക്ഷയുണ്ട്. മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. മുസ്‌ലിംലീഗിലെ അബ്ദുര്‍റസാഖ് 5528 വോട്ടുകള്‍ക്ക് ബിജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. റസാഖും സുരേന്ദ്രനും മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു (എല്‍ഡിഎഫ്)വും കഴിഞ്ഞതവണ ഏറ്റുമുട്ടിയവരാണ്. ബിജെപിയിലെ കെ സുരേന്ദ്രനുവേണ്ടി കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് പ്രചാരക് സംഘം വീടുകള്‍ കേന്ദ്രീകരിച്ചാണ് വോട്ടുതേടുന്നത്. ഇതിനെ മതേതര മനസ്സുകള്‍ കരുതലോടെയാണു കാണുന്നത്.
[related]എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവയ്ക്ക് മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുണ്ട്. മഞ്ചേശ്വരത്ത് പിഡിപി സ്ഥാനാര്‍ഥി ബഷീര്‍ അഹ്മദ് മല്‍സരിക്കുന്നുണ്ട്. ഇരുമണ്ഡലങ്ങളിലും സുന്നി വോട്ടുകള്‍ നിര്‍ണായകമാണ്. ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാണ് ബിജെപി ശ്രമം. കന്നഡ, ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാക്കുന്നതിനു കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും മണ്ഡലത്തില്‍ ശക്തമായി രംഗത്തുണ്ട്.
കാസര്‍കോട്: സിറ്റിങ് എംഎല്‍എ മുസ്‌ലിംലീഗിലെ എന്‍ എ നെല്ലിക്കുന്ന് വീണ്ടും മല്‍സരിക്കുമ്പോള്‍ എതിരില്‍ ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറും എല്‍ഡിഎഫിന് വേണ്ടി ഐഎന്‍എല്ലിലെ ഡോ. എ എ അമീനുമാണു രംഗത്തുള്ളത്. ദീര്‍ഘകാലമായി രാഷ്ട്രീയരംഗത്തുള്ള എന്‍ എ നെല്ലിക്കുന്നിന്റെ പ്രവര്‍ത്തനമികവ് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയായ രവീശ തന്ത്രി കുണ്ടാര്‍ ആദ്യമായാണു മല്‍സരരംഗത്തിറങ്ങുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇദ്ദേഹത്തിന് വോട്ടുതേടുന്നത്. ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാണ് ഇവിടെയും ശ്രമം. കഴിഞ്ഞതവണ എന്‍ എ നെല്ലിക്കുന്ന് 9500ല്‍പരം വോട്ടുകള്‍ക്കാണ് ബിജെപിയിലെ ജയലക്ഷ്മി എന്‍ ഭട്ടിനെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ എ അമീന്‍ വൈകി എത്തിയ സ്ഥാനാര്‍ഥിയാണെങ്കിലും പ്രചാരണം ബഹുദൂരം മുന്നേറിയിട്ടുണ്ട്.
ഉദുമ: സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ കെ കുഞ്ഞിരാമന്‍ വീണ്ടും ജനവിധിതേടുന്ന ഉദുമ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ യുഡിഎഫിന് വേണ്ടി എത്തിയതോടെ ശ്രദ്ധാകേന്ദ്രമായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, എസ്ഡിപിഐയുടെ മുഹമ്മദ് പാക്യാര എന്നിവരും ഇവിടെ രംഗത്തുണ്ട്. ഉദുമ പിടിക്കാനും നിലനിര്‍ത്താനുമാണ് പോരാട്ടം. യുഡിഎഫ് ക്യാംപ് ഒറ്റക്കെട്ടാണ്. എല്‍ഡിഎഫിന് വേണ്ടി സംസ്ഥാന, ദേശീയ നേതാക്കള്‍ ഒന്നടങ്കം മണ്ഡലത്തില്‍ പര്യടനം നടത്തി. സുധാകരന്റെ തന്ത്രം വിജയിച്ചാല്‍ മണ്ഡലത്തിന്റെ അവസ്ഥ മാറിമറിയും.
കാഞ്ഞങ്ങാട്:
സിറ്റിങ് എംഎല്‍എ സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ വീണ്ടും ജനവിധി തേടുന്ന മണ്ഡലത്തില്‍ ഡിസിസി സെക്രട്ടറി കൂടിയായ വനിതാ നേതാവ് ധന്യാ സുരേഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പരമ്പരാഗത കമ്മ്യൂണിസ്റ്റ് മണ്ഡലമായ ഇവിടെ 1987ല്‍ മാത്രമാണ് യുഡിഎഫ് ജയിച്ചത്. മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. വനിതാ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി മണ്ഡലത്തില്‍ ശക്തമായ ചലനം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം. അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ എല്‍ഡിഎഫിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണിത്.
തൃക്കരിപ്പൂര്‍: എല്‍ഡിഎഫിന് ആധിപത്യമുള്ള മണ്ഡലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം രാജഗോപാലും കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണനും തമ്മിലാണു ഏറ്റുമുട്ടുന്നത്. എസ്ഡിപിഐയിലെ എം വി ഷൗക്കത്തലിയും രംഗത്തുണ്ട്. മലയോര, തീരദേശ മേഖല ഉള്‍ക്കൊള്ളുന്ന ഈ മണ്ഡലത്തില്‍ ശക്തമായ മല്‍സരമാണ്. മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള വ്യക്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ പി കുഞ്ഞിക്കണ്ണന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം രാജഗോപാല്‍ വിദ്യാര്‍ഥി, യുവജനപ്രസ്ഥാനത്തിലൂടെ കടന്നുവന്ന നേതാവാണ്. ജയപരാജയങ്ങള്‍ ബിജെപിയും എസ്ഡിപിഐയും നേടുന്ന വോട്ടുകളെ ആശ്രയിച്ചായിരിക്കും.
Next Story

RELATED STORIES

Share it