kasaragod local

കാസര്‍കോട് ടൗണിലെ ഓടകള്‍ വൃത്തിയാക്കിയില്ല; പൊട്ടിയ സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി

കാസര്‍കോട്: മഴക്കാലത്തിന് മുമ്പ് വൃത്തിയാക്കേണ്ട ഓടകളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞു. മിക്ക സ്ലാബുകളും ദ്രവിച്ചതിനാല്‍ പൊട്ടി കാല്‍നടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. പഴയ ബസ്സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ് പരിസരം, എംജി റോഡ്, കെപിആര്‍റാവു റോഡ്, കെഎസ്ആര്‍ടിസി റോഡ്, ജനറല്‍ ആശുപത്രി പരിസരം, ഹെഡ്‌പോസ്‌റ്റേഫിസ് പരിസരം, റെയില്‍വേ സ്‌റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലെ മിക്ക ഓടകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറഞ്ഞ് മൂടിയിരിക്കുകയാണ്.
പലതും ദ്രവിച്ച് പൊട്ടിപൊളിഞ്ഞതിനാല്‍ സ്ത്രീകളടക്കമുള്ള കാല്‍നടയാത്രക്കാര്‍ തകര്‍ന്ന സ്ലാബില്‍ കാല്‍കുടുങ്ങി വീഴുന്നത് പതിവായി. തെരുവ് വിളക്ക് പോലും പല ഭാഗങ്ങളിലും ഇല്ല. രാത്രി കാലങ്ങളില്‍ നടന്നുപോവുന്നവരാണ് ഏറെയും സ്ലാബുകളുടെ വിടവില്‍ വീഴുന്നത്. കഴിഞ്ഞ ദിവസം പഴയ ബസ്സ്റ്റാന്റ് പരിസരത്തെ പൊട്ടിയ സ്ലാബിന്റെ വിടവില്‍ വീണ് വികലാംഗനായ യുവാവിനും മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു.
പൊട്ടിയ സ്ലാബുകളുടെ കമ്പി പുറത്തായതിനാല്‍ ഇതില്‍ തട്ടി യാത്രക്കാരുടെ കാല്‍ വിരലിന് മുറിവേല്‍ക്കുകയും ചെയ്യുന്നു. പലരും അശ്രദ്ധയോടെയാണ് സ്ലാബിന്റെ വിടവില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത്. കഴിഞ്ഞ വര്‍ഷംമഴക്കാലത്തിന് മുമ്പ് സ്ലാബുകള്‍ എടുത്ത് ഓടകള്‍ വൃത്തിയാക്കിയിരുന്നു. എന്നാല്‍ ഇത്തവണ അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു.
മിക്ക ഓടകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയതിനാല്‍ മഴ വെള്ളം ഒലിച്ച് പോവാതെ റോഡില്‍ കുത്തിയൊലിക്കുന്നു. ഇത് മഴക്കാലത്തിന് മുമ്പ് നന്നാക്കിയ റോഡുകള്‍ പെട്ടെന്ന് തകരാനും കാരണമാവുന്നു. മലിനജലം റോഡുകളിലേക്ക് ഒഴുകുന്നതിനാല്‍ കൊതുകുകളും മറ്റും നിറയുന്നു. ഇത് പകര്‍ച്ചാവ്യാധികള്‍ക്കും കാരണമാവുന്നു.
ഹോട്ടലുകളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നും ഒഴുക്കിവിടുന്ന മലിനജലം ഓടകളില്‍ കെട്ടി കിടന്ന് ഇപ്പോള്‍ തന്നെ കൊതുകുകള്‍ പെരുകുന്നുണ്ട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഓടകള്‍ വൃത്തിയാക്കാനുള്ള നടപടി നഗരസഭ അധികൃതര്‍ നടത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it