കാസര്‍കോട്ട് പോളിങ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചത് മെഴുകുതിരി വെട്ടത്തില്‍

കാസര്‍കോട്ട് പോളിങ് ബൂത്തുകള്‍  പ്രവര്‍ത്തിച്ചത് മെഴുകുതിരി വെട്ടത്തില്‍
X
candleകാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതിനാല്‍ പോളിങ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചത് മെഴുകുതിരി വെട്ടത്തിലും ജനറേറ്ററിന്റെ സഹായത്തിലും. കാസര്‍കോട് മണ്ഡലത്തിലെ ചെര്‍ക്കള, ഉദുമ മണ്ഡലത്തിലെ പൊവ്വല്‍, ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ ബൂത്തുകളാണ് മെഴുകുതിരി വെട്ടത്തിലും ജനറേറ്ററിന്റെ സഹായത്തിലും പ്രവര്‍ത്തിച്ചത്.
പ്രതികൂല കാലാവസ്ഥയാണ് ഇന്നലെ ജില്ലയിലുണ്ടായിരുന്നത്. എങ്കിലും രാവിലെ തന്നെ വോട്ടര്‍മാര്‍ ബൂത്തിലെത്തിയിരുന്നു. ആദ്യ ഒരു മണിക്കൂറില്‍ ജില്ലയില്‍ 6.9 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ഹോളിഫാമിലി സ്‌കൂളിലും പള്ളിക്കര പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലും വോട്ടിങ് മെഷീനുകള്‍ പണിമുടക്കിയതിനാല്‍ 40 മിനിട്ടോളം വോട്ടെടുപ്പു തടസ്സപ്പെട്ടു. കാസര്‍കോട് കസബ ഫിഷറീസ് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കാസര്‍കോട് മണ്ഡലത്തിലെ കൂഡ്‌ലു ഗോപാലകൃഷ്ണ സ്‌കൂളില്‍ യുഡിഎഫ് ബൂത്ത് ഏജന്റായ വനിതയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഇവരുടെ കാര്‍ തകര്‍ക്കുകയും ചെയ്തതായും പരാതിയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക ജമീല അഹ്മദിനു നേരെയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കയറി ഒരു സംഘം ഭീഷണി മുഴക്കിയത്.
കുമ്പള ഗവ. ഹൈസ്‌കൂളിലെ ഒരു ബൂത്തില്‍ ഏജന്റുമാരായിരുന്ന മൂന്നുപേരെ ആള്‍മാറാട്ടം നടത്തിയതിന് തിരഞ്ഞെടുപ്പ് നിരീക്ഷകനായ ദേവേശ് ദേവന്‍ കൈയോടെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.
ഉദുമ മണ്ഡലത്തിലെ അരമങ്ങാനത്ത് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂറോളം ബൂത്ത് കയ്യടക്കി കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ആരോപിച്ചു. ഉദുമ മണ്ഡലത്തിലെ കൂട്ടക്കനി സ്‌കൂളില്‍ കള്ളവോട്ടിനെ ചൊല്ലി സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. കണ്ണൂര്‍ സ്വദേശിയായ ഉദുമ സ്ഥാനാര്‍ഥി കെ സുധാകരന്‍ ഇന്നലെ രാവിലെ കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കോഴിക്കോട് സ്വദേശി എം പി രാഘവനും കാസര്‍കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൊല്ലം സ്വദേശി ഡോ. എ എ അമീനും വോട്ടവകാശം വിനിയോഗിച്ചില്ല.
Next Story

RELATED STORIES

Share it