kasaragod local

കാഷ് കൗണ്ടറില്ലാത്ത ആശുപത്രിക്ക് നാളെ മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കും

കാഞ്ഞങ്ങാട്: കാഷ് കൗണ്ടറില്ലാത്ത ലോകത്തെ മൂന്നാമത്തെ ആശുപത്രി സത്യസായി ആശുപത്രിയുടെ തറക്കല്ലിടല്‍  നാളെ നടക്കും. കാഞ്ഞിരടുക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. ആശുപത്രിയുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടപ്പിലാക്കുന്ന സായി പ്രസാദം സൗജന്യ ഭവന പദ്ധതിയുടെ ഭൂമി പൂജ ചടങ്ങില്‍ കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ ആശുപത്രിക്കായി അമ്പതു കോടി രൂപ ഗ്രാന്റ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
ആകെ 100 കോടിയാണ് ആശുപത്രിയുടെ നിര്‍മാണചിലവെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു വര്‍ഷത്തിനകം ആശുപത്രി പൂര്‍ണ സജ്ജമാകും.
ഒന്നാം ഘട്ടം നവംബറില്‍ ഉദ്ഘാടനം ചെയ്യും. ഇതിനു മുമ്പ് പ്രതിവാര സൗജന്യ ചികില്‍സാ കേന്ദ്രം ആരംഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരംഭിക്കുന്ന ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ കാര്‍ഡിയോളജി, സൗജന്യ ഡയാലിലിസ് കേന്ദ്രം, ഓഫ്ത്താല്‍മോളജി എന്നിവയുണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുനൂറിലേറെ ഡോക്ടര്‍മാര്‍ സായി സേവയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിടി-എംആര്‍ഐ സ്‌കാനുകള്‍, ലബോറട്ടറി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുമുണ്ടാകും. അമ്പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ആശുപത്രിയില്‍ 200പേരെ കിടത്തി ചികില്‍സിക്കാനുള്ള സംവിധാനുമുണ്ടാകും. നാളെ ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരടുക്കത്ത് നടക്കുന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കുമ്മനം രാജശേഖരന്‍, കെ എന്‍ ആനന്ദകുമാര്‍ സംബന്ധിക്കും.
യോഗത്തില്‍ സത്യസായി ബാബയുടെ സഹോദരി പുത്രന്മാരായ ശ്രാവണ്‍ രാജു, ചേതന രാജു, ശങ്കര്‍ രാജു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഇതോടനുബന്ധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബസംഗമവുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ ആനന്ദകുമാര്‍, പി ഗംഗാധരന്‍നായര്‍, കെ ദാമോദരന്‍, കെ എം കെ നമ്പ്യാര്‍, കെ മധുസൂദനന്‍, അഗസ്റ്റിന്‍ ജേക്കബ്, അസയ്‌നാര്‍ ഹാജി, പി ഗോപാലന്‍, എം കെ ബാബുരാജ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it