കാഷ്യു കോര്‍പറേഷന്റെ പുതിയ ടെന്‍ഡറിലും വിവാദ കമ്പനി

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: തോട്ടണ്ടി വാങ്ങാന്‍ കാഷ്യു കോര്‍പറേഷന്‍ ക്ഷണിച്ച പുതിയ ടെന്‍ഡറില്‍ പങ്കെടുത്തത് വിവാദ കമ്പനിയായ കോട്ടയത്തെ ജെഎംജെ ട്രേഡേഴ്‌സ് മാത്രം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തുകയും വിജിലന്‍സ് കേസെടുക്കുകയും ചെയ്തിട്ടും ഈ കമ്പനി മാത്രം ടെന്‍ഡറില്‍ പങ്കെടുത്തതില്‍ ദുരൂഹതയുണ്ട്. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നടപടിയില്ലാത്തതാണ് ടെന്‍ഡറില്‍
പങ്കെടുക്കാന്‍ കാരണം.
ഇക്കഴിഞ്ഞ ഓണത്തിന് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കോര്‍പറേഷന് 30 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. ഈ തുകയില്‍ നിന്നും 23 കോടി നാല്‍പത് ലക്ഷമെടുത്ത് തോട്ടണ്ടി വാങ്ങി. കോര്‍പറേഷന്‍ വാങ്ങിയ 2000 ടണ്‍ തോട്ടണ്ടി ഗുണമേന്‍മ ഇല്ലാത്തതാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്റെയും എംഡിയായിരുന്ന കെ എ രതീഷിന്റെയും അറിവോടെ ജെഎംജെ ട്രേഡേഴ്‌സില്‍ നിന്നു മാത്രം ടെന്‍ഡര്‍ ക്ഷണിച്ചാണ് തോട്ടണ്ടി വാങ്ങിയത്.
അന്വേഷണത്തിന്റെ ഭാഗമായി ചീഞ്ഞ കശുവണ്ടിയുടെ ദൃശ്യങ്ങളടക്കം വിജിലന്‍സ് ശേഖരിച്ചിരുന്നു. ഈ കേസില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡിയായിരുന്ന ആര്‍ ചന്ദ്രശേഖരനേയും മുന്‍ എംഡി രതീഷിനേയും ജെഎംജെ ട്രേഡേഴ്‌സിനേയും പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസെടുത്തു. കാഷ്യു കോര്‍പറേഷനിലെ അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയാണ് വീണ്ടും ടെന്‍ഡറില്‍ പങ്കെടുത്തത്.
കോര്‍പറേഷനിലെ തൊഴിലാളികളുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കുന്നത് മുടങ്ങിയതോടെ കഴിഞ്ഞ ജനുവരി 13ന് സംസ്ഥാന സര്‍ക്കാര്‍ 55 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ ആദ്യ ഘട്ടത്തില്‍ 30 കോടി കോര്‍പറേഷന് ലഭിക്കുകയും ഈ തുകയില്‍ നിന്ന് കാഷ്യു കോര്‍പറേഷന്റെ കീഴിലുള്ള 30 ഫാക്ടറികളിലേക്ക് ടെന്‍ഡര്‍ വിളിക്കുകയുമായിരുന്നു. ഈ ടെന്‍ഡറിലാണ് വിവാദ കമ്പനിയായ ജെഎംജെ മാത്രം പങ്കെടുത്തത്. സംഭവം വിവാദമായതോടെ കോര്‍പറേഷന്‍ ടെന്‍ഡര്‍ റദ്ദാക്കി. മാര്‍ച്ച് എട്ടിന് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it