World

കാഷ്യസ് ക്ലേ അടിമത്തത്തിന്റെ നാമം, ഞാന്‍ മുഹമ്മദ് അലി

'കാഷ്യസ് ക്ലേ എന്നത് അടിമത്തത്തില്‍നിന്ന് ഉണ്ടായ നാമമാണ്. ഞാനല്ല ആ പേരു തിരഞ്ഞെടുത്തത്. എനിക്ക് ആ പേര് ആവശ്യമില്ല. ഞാന്‍ മുഹമ്മദ് അലിയാണ്. സ്വതന്ത്രമായ നാമം, ദൈവത്തിനു പ്രിയപ്പെട്ടവന്‍ എന്നാണര്‍ഥം. എന്നോടു സംസാരിക്കുമ്പോള്‍ ജനങ്ങള്‍ ആ പേര് ഉപയോഗിക്കണമെന്നാണ് എന്റെ താല്‍പര്യം.' ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്തശേഷം പറഞ്ഞ വാക്കുകളാണിവ. അമേരിക്കയിലെ വര്‍ണവെറിക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ച അദ്ദേഹം 1964ലായിരുന്നു ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്യുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 'അവര്‍ കറുത്ത മുസ്‌ലിം എന്നു വിളിച്ചേക്കാം. അത് മാധ്യമങ്ങള്‍ വിളിക്കുന്ന പേരാണ്. അംഗീകൃതമായ പേരല്ല. ഇസ്‌ലാം ഒരു മതമാണ്. അതു പിന്തുടരുന്ന 750 ദശലക്ഷം വിശ്വാസികളില്‍ ഒരാളാണു ഞാന്‍'. 22കാരനായ മുഹമ്മദ് അലി തന്റെ ഇസ്‌ലാം പ്രവേശനത്തിനുശേഷം വിശദീകരിച്ചു.
കറുത്ത വര്‍ഗ്ഗക്കാരുടെ നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് അലി 1975ല്‍ യഥാര്‍ഥ ഇസ്‌ലാം മത വിശ്വാസം സ്വീകരിച്ചു. 1961ലായിരുന്നു അദ്ദേഹം നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ യോഗത്തില്‍ ആദ്യമായി പങ്കെടുത്തത്. 1962ല്‍ അദ്ദേഹം അല്‍ ഹാജ് മാലിക് അല്‍ ശബാസ് എന്ന മാല്‍ക്കം എക്‌സിനെ പരിചയപ്പെട്ടു. മാല്‍കം എക്‌സ് മുഹമ്മദ് അലിയുടെ രാഷ്ട്രീയ- ആത്മീയ ഗുരുവായി മാറി. 1964ല്‍ മയാമിയില്‍ നടന്ന ലോക ഹെവിവെയ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പ്രധാന എതിരാളി സോണി ലിസ്റ്റണെ മുഹമ്മദ് അലി പരാജയപ്പെടുത്തുന്നതിന് മാല്‍കം എക്‌സും സാക്ഷ്യംവഹിച്ചിരുന്നു. എന്നാല്‍, പിന്നീട് മാല്‍കം എക്‌സ് നേഷന്‍ ഓഫ് ഇസ്‌ലാമുമായി ബന്ധം പിരിഞ്ഞത് അദ്ദേഹവും മുഹമ്മദ് അലിയുമായുള്ള സൗഹൃദത്തെയും ബാധിച്ചു.
1967ഓടെ ഒരു രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയില്‍ക്കൂടി മുഹമ്മദ് അലിയെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. യുഎസ് സൈന്യത്തിന്റെ ഭാഗമായി വിയറ്റ്‌നാം അധിനിവേശത്തില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം വിസമ്മതിച്ചു. ലൂയിസ് വില്ലെയിലെ നീഗ്രോകളെ വെളുത്തവര്‍ഗക്കാര്‍ നായകളെപ്പോലെ കരുതി മനുഷ്യാവകാശങ്ങളെല്ലാം തടയുമ്പോള്‍ എങ്ങനെ താന്‍ ആയിരക്കണക്കിനു മൈല്‍ ദൂരെപ്പോയി വിയറ്റ്‌നാമിലെ തവിട്ടു നിറക്കാര്‍ക്കുമേല്‍ ആയുധവര്‍ഷം നടത്തുമെന്നായിരുന്നു മുഹമ്മദ് അലിയുടെ ചോദ്യം.
Next Story

RELATED STORIES

Share it