കാവാലം ഒരു താളപ്രമാണി

പി എ എം ഹനീഫ

കോഴിക്കോട്ട്: കൂത്താട്ടുകുളം സി ജെ സ്മാരക സെമിനാറില്‍ എം ഗോവിന്ദന്‍ 'തനതു നാടകം' പുതിയൊരു സങ്കല്‍പമായി അവതരിപ്പിക്കുമ്പോള്‍ കാവാലം ആ ഹാളിലുണ്ടായിരുന്നു. അന്ന് കവി എന്ന നിലയ്ക്കു മാത്രമേ നാരായണപ്പണിക്കര്‍ അറിയപ്പെട്ടിരുന്നുള്ളൂ.കാവാലത്തു നിന്ന് തിരുവനന്തപുരം 'സോപാന'ത്തിലേക്കു പറിച്ചുനടപ്പെടുമ്പോള്‍ 'നികുഞ്ജം' കേന്ദ്രീകരിച്ച് സര്‍ഗാത്മകതയുടെ വലിയൊരു ആരവം തന്നെ തലസ്ഥാന നഗരിയിലുണ്ടായി. ഭരതന്‍, അരവിന്ദന്‍, കടമ്മനിട്ട, കൈതപ്രം തുടങ്ങി സര്‍ഗാത്മക സവിശേഷതകള്‍ ഏറെ 'നികുഞ്ജത്തില്‍ തമ്പടിച്ചു.
നെടുമുടിയുടെ താളങ്ങള്‍, കൈതപ്രത്തിന്റെ നാടന്‍ ശീലുകള്‍...കടമ്മന്റെ കോഴി... അപ്പോഴേക്കും അയ്യപ്പപണിക്കര്‍, സി എന്‍ ശ്രീകണ്ഠന്‍ നായരൊക്കെ തനതു നാടകം സംബന്ധിച്ച് തീര്‍പ്പിലെത്തിയിരുന്നു. തികച്ചും കേരളീയമായ നാടകവേദി.. 'ദൈവത്താര്‍' നാടകം എഴുതി കാവാലം നാരായണപ്പണിക്കര്‍ തുടക്കംകുറിച്ചു. പുതിയ കെട്ട്...അതിലും പുതിയ മട്ട്... നാടന്‍ താളം...വായ്ത്താരി... 'ദൈവത്താര്‍' ഏശിയില്ല. പക്ഷെ, എം ഗോവിന്ദനും കൂട്ടരും കാവാലത്തെ ശരിക്കും എരിവുകേറ്റി. ചെണ്ടയിലും ചേങ്ങിലയിലും കിട്ടാവുന്നിടത്തോളം വാദ്യ-മേള വിശേഷങ്ങളിലെല്ലാം കാവാലം കൊട്ടിക്കയറി. ദേശീയ നാടകോല്‍സവം 70കളില്‍ എറണാകുളത്ത്. മലയാളത്തെ പ്രതിനിധീകരിച്ചത് കാവാലത്തിന്റെ 'അവനവന്‍ കടമ്പ',
പ്രേക്ഷകമധ്യത്തിലൂടെ ദേശത്തുടയോന്റെ വരവും അതിനു ഇലത്താളം മുഴക്കി കാവാലം നാരായണപണിക്കര്‍ എന്ന മെലിഞ്ഞ മനുഷ്യനും തനതു നാടക വേദിയെ ഓര്‍ക്കുന്നവര്‍ എന്നും സ്മരിക്കും. അതൊരു ജൈത്ര യാത്ര ആയിരുന്നു. 'പശു ഗായത്രി', 'തിരുവാഴിത്താന്‍' തുടങ്ങി കാവാലത്തിന്റെ മുപ്പതിനടുത്ത് രചനകള്‍. 'ആരവം' എന്ന ഭരതന്‍ സിനിമയില്‍ നാടോടിപ്പാട്ടുകള്‍ക്കൊണ്ട് വലിയൊരു തുമ്പപ്പൂക്കളം. 'രതി നിര്‍വേദം' എന്ന പത്മരാജന്‍ സിനിമയ്ക്ക് 'പൂവാംകുഴലി പെണ്ണിനുണ്ടൊരു കിളുന്തു പോലുള്ള മനസ്സ്' എന്ന നാടന്‍ പദപ്രയോഗങ്ങളുടെ തേന്‍ തുള്ളികള്‍...
Next Story

RELATED STORIES

Share it