കാഴ്ച പരിമിതര്‍ക്കുള്ള ഏഷ്യാ കപ്പ്: ഇന്ത്യക്കും ശ്രീലങ്കയ്ക്കും വിജയം

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന കാഴ്ച പരിമിതര്‍ക്കുള്ള പ്രഥമ ഏഷ്യാ കപ്പ് ട്വന്റി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ജയം. നേപ്പാളിനെതിരെ 189 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തു. പൂര്‍ണമായും കാഴ്ച ശക്തിയില്ലാത്ത ഇന്ത്യയുടെ ഖേതന്‍ പട്ടേല്‍ സെഞ്ചുറി നേടി (102). നേപ്പാള്‍ 18.4 ഓവറില്‍ 72 റണ്‍സിന് ഓള്‍ഔട്ടായി. ഖേതന്‍ പട്ടേലാണ് കളിയിലെ താരം.
ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മല്‍രത്തില്‍ ബംഗ്ലാദേശിനെ 179 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ഒമ്പതു വിക്കറ്റിനാണ് ജയിച്ചത്. ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 129 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 26 റണ്‍സെടുത്ത ഷഹദത് ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍.
മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 13.4 ഓവറില്‍ ജയം കണ്ടു. ശ്രീലങ്കയ്ക്കായി 28 റണ്‍സ് വഴങ്ങി രണ്ടു വി ക്കറ്റെടുക്കുകയും 56 റണ്‍സ് നേടുകയും ചെയ്ത സുരംഗ സമ്പത്താണ് കളിയിലെ താരം. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യ കരുത്തരായ പാകിസ്താനെയും ശ്രീലങ്ക നേപ്പാളിനെയും നേരിടും.
Next Story

RELATED STORIES

Share it