malappuram local

കാളംതിരുത്തി ബദല്‍ സ്‌കൂള്‍ ഓലഷെഡില്‍

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ കാളംതിരുത്തി ബദല്‍ സ്‌കൂളില്‍ ഇത്തവണവും പ്രവേശനോല്‍സവത്തിനെത്തിയ കുട്ടികള്‍ ഓലഷെഡില്‍ തന്നെ സ്‌കൂള്‍ പഠനത്തിന് തുടക്കമിട്ടു. മഴ പെയ്തതോടെ ചോര്‍ച്ച തടയാനായി ഓല ഷെഡിന് മുകളിലായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയിരിക്കുകയാണ്.പുഴയും വയലുകളുമായി നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ് കാളംതിരുത്തി പ്രദേശം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ ആരംഭിച്ച സ്‌കൂള്‍ ഇപ്പോള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.ഒന്നാം ക്ലാസില്‍ മൂന്ന് ആണ്‍കുട്ടികളും,മൂന്ന് പെണ്‍കുട്ടികളുമടക്കം ആറുപേരാണ് പ്രവേശനോല്‍സവത്തിനെത്തിയത്. ആകെ 29 കുട്ടികളുള്ള സ്‌കൂളില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന രണ്ട് അധ്യാപികമാരാണുള്ളത്.കാളംതിരുത്തി ബദല്‍ സ്‌കൂളിനെ എല്‍പി സ്‌കൂളായി ഉയര്‍ത്തിയതായി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും, കെട്ടിട നിര്‍മാണത്തിനായി 40 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രി നിര്‍വഹിച്ചെങ്കിലും പണി ഇതുവരെ ആരംഭിച്ചിട്ടില്ല.
എന്നാല്‍ ബദല്‍ സ്‌കൂള്‍ എല്‍പി സ്‌കൂളായി ഉയര്‍ത്തിയ വിവരം അറിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ക്ക് വിവരാവകാശവും ലഭിച്ചിരുന്നു. എന്നാലിത് തെറ്റായ വിവരമാണെന്നാണ് മന്ത്രി അന്ന് പ്രതികരിച്ചിരുന്നത്.പുതിയ ദിനത്തില്‍ എല്ലായിടത്തും വര്‍ണാഭമായ പ്രവേശനോല്‍സവം നടക്കുമ്പോള്‍ കാളംതിരുത്തി ബദല്‍ സ്‌കൂളില്‍ അതൊന്നും ഉണ്ടായിരുന്നില്ല.വിതരണത്തിനെത്തിയ പുതിയ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയാണ് അധ്യാപകരും രക്ഷിതാക്കളും ആദ്യദിനത്തെ വരവേറ്റത്.
Next Story

RELATED STORIES

Share it